വോട്ടെടുപ്പ് ദിവസം പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാര്‍ക്ക് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം അടിസ്ഥാന സൗകര്യങ്ങളൊരുക്കും. എല്ലാ പോളിംഗ് ബൂത്തുകളിലും ആവശ്യനുസരണം കുടിവെള്ളവും കസേര, ബെഞ്ച് , ടേബിള്‍ തുടങ്ങിയ ഫര്‍ണിച്ചര്‍ സൗകര്യങ്ങളും വോട്ടര്‍മാര്‍ക്കായി ഒരുക്കും. വോട്ടര്‍മാര്‍ക്കായി പ്രഥമ ശുശ്രൂഷയ്ക്കുള്ള മരുന്നുകള്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ കിറ്റും ഒരു ഡോക്ടരുടെ സേവനവും ബൂത്തുകളില്‍ സജ്ജീകരിക്കും. ഒന്നിലധികം ബൂത്തുകളുള്ള പ്രദേശങ്ങളില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ വോട്ടര്‍മാരെ സഹായിക്കുന്നതിനുള്ള സഹായ കേന്ദ്രം സജ്ജമാക്കും. ആവശ്യമെങ്കില്‍ വോട്ടര്‍ പട്ടിക പരിശോധിക്കാനുള്ള അവസരവും ഉണ്ടാവും. വോട്ടര്‍മാരുടെ കുട്ടികളെ താല്‍ക്കാലികമായി നോക്കുന്നതിന് ആയമാരുടെ സേവനവും പോളിംഗ് ബൂത്തുകളില്‍ ഉറപ്പ് വരുത്തും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ ടോയ്‌ലറ്റ് സൗകര്യങ്ങളും ഉണ്ടാവും. വോട്ടര്‍മാരുടെ വരി നിയന്ത്രിക്കുന്നതിനും ഭിന്നശേഷി വോട്ടര്‍മാരെ സഹായിക്കുന്നതിനും എന്‍ .സി. സി. , എന്‍. എസ്. എസ് .തുടങ്ങിയ വിദ്യാര്‍ത്ഥി സന്നദ്ധസംഘടനകളെ പ്രയോജനപ്പെടുത്തും. ഭിന്നശേഷിക്കാര്‍ മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്കായി ഒരു വരിയും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ വരികള്‍ ഉള്‍പ്പടെ വോട്ടര്‍മാര്‍ക്ക് മൂന്ന് വരികള്‍ ഒരുക്കും.

ഭിന്നശേഷി വോട്ടര്‍മാര്‍ക്ക് പോളിങ്ങ് ബൂത്തുകളില്‍ പ്രത്യേക സൗകര്യങ്ങള്‍

ജില്ലയിലെ ഭിന്നശേഷി വോട്ടര്‍മാര്‍ക്കായി പോളിങ് ബൂത്തുകളില്‍ താല്‍ക്കാലിക റാംപ് സൗകര്യം ഒരുക്കും. ഭിന്നശേഷി വോട്ടര്‍മാര്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് അവരെ ബൂത്തിലെത്തിക്കാന്‍ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം യാത്രാസൗകര്യവും ലഭ്യമാക്കും. ജില്ലയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുമാര്‍, നാഷണല്‍ സര്‍വീസ് സ്‌കീം, എന്‍.സി.സി, സ്‌കൗട്ട്‌സ്, ഗൈഡ്‌സ് തുടങ്ങിയ സന്നദ്ധ വിദ്യാര്‍ത്ഥി സംഘടനകളുടെ സഹായത്തോടെയാണ് ഭിന്നശേഷി വോട്ടര്‍മാരെ ബൂത്തിലെത്തിക്കുക.
പഞ്ചായത്തുകളില്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളില്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍, മറ്റ് സര്‍ക്കാര്‍ വാഹനങ്ങള്‍ ഇതിനായി ഉപയോഗിക്കും.
നിലവില്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 6881 ഭിന്നശേഷി വോട്ടര്‍മാരാണ്. ഇതില്‍ 834 പേര്‍ സംസാര-ശ്രവണ വൈകല്യമുള്ളവരും 655 പേര്‍ കാഴ്ചവൈകല്യമുള്ളവരും 4036 പേര്‍ ചലനശേഷി ഇല്ലാത്തവരുമാണ്. മറ്റു വൈകല്യങ്ങളുള്ളവര്‍ 1356 പേരാണ്. ഭിന്നശേഷി വോട്ടര്‍മാരായവര്‍ക്ക് ബൂത്തിലെത്താന്‍ വാഹനസൗകര്യം ആവശ്യമുണ്ടെങ്കില്‍ പി.ഡബ്ല്യു.ഡി (പേഴ്‌സണ്‍ വിത്ത് ഡിസെബിലിറ്റി) ആപ്ലിക്കേഷനിലൂടേയാണ് അപേക്ഷിക്കേണ്ടത്. ഇതിനു സാധിക്കാത്തവര്‍ ബന്ധപ്പെട്ട ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴി അപേക്ഷിക്കാം. നിലവില്‍ ജില്ലയില്‍ പി.ഡബ്ല്യു.ഡി ആപ്പിലൂടെ 3000 പേരാണ് വാഹനസൗകര്യത്തിനായി അപേക്ഷിച്ചിരിക്കുന്നത്.
വാഹനസൗകര്യം ആവശ്യപ്പെട്ട് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് ലഭിക്കുന്ന അപേക്ഷകള്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്ക് കൈമാറുകയും തഹസില്‍ദാര്‍മാര്‍ ബന്ധപ്പെട്ട നോഡല്‍ ഓഫീസര്‍മാര്‍ക്ക് കൈമാറുകയും ചെയ്യും. നോഡല്‍ ഓഫീസര്‍മാര്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതാണ്.