വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച ഫോട്ടോ പതിച്ച   തിരിച്ചറിയല്‍ കാര്‍ഡോ കമ്മീഷന്‍ അംഗീകരിച്ച 11 തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്നോ വോട്ടിങ്ങിനായി പോളിംഗ് സ്റ്റേഷനില്‍ എത്തുമ്പോള്‍ നിര്‍ബന്ധമായും കൊണ്ടുവരണം. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകള്‍ സന്ദര്‍ശിച്ച് നല്‍കിയ വോട്ടേഴ്‌സ് സ്ലിപ്പും കൈയില്‍ കരുതണം.  പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അവശരായവര്‍ക്കും പ്രത്യേകം വരികള്‍ ഒരുക്കിയിട്ടുണ്ടാവും. പോളിംഗ് സ്റ്റേഷനില്‍ എത്തുന്ന വോട്ടര്‍ ആദ്യമായി ഒന്നാം പോളിംഗ് ഓഫീസറെയാണ് സമീപിക്കേണ്ടത്. വോട്ടര്‍ പട്ടികയില്‍ കൊടുത്തിട്ടുള്ള പേര് വിവരങ്ങള്‍ ബൂത്ത് ഏജന്റുമാര്‍ കേള്‍ക്കത്തക്ക രീതിയില്‍ ഒന്നാം പോളിങ് ഓഫീസര്‍ ഉറക്കെ വിളിച്ചു പറയും. തുടര്‍ന്ന് രണ്ടാം പോളിങ് ഓഫീസര്‍ വോട്ടറുടെ ഇടതുകൈയിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടും. തുടര്‍ന്ന് വോട്ടറുടെ ഒപ്പോ വിരലടയാളമോ രജിസ്റ്ററില്‍ പതിപ്പിക്കണം. രണ്ടാം പോളിങ് ഓഫീസര്‍ വോട്ടേഴ്‌സ് സ്ലിപ് പൂരിപ്പിച്ച് നല്‍കും. ഈ സ്ലിപ്പുമായി വോട്ടര്‍ മൂന്നാം പോളിംഗ് ഓഫീസറെ സമീപിക്കണം. സ്ലിപ്പ് വാങ്ങിയ ശേഷം മൂന്നാം പോളിങ് ഓഫീസര്‍ കണ്‍ട്രോള്‍ യൂണിറ്റില്‍ ബട്ടണമര്‍ത്തി വോട്ടിംഗ് മെഷീന്‍ വോട്ട് ചെയ്യുന്നതിനായി സജ്ജമാക്കും. തുടര്‍ന്ന് പച്ച നിറത്തിലുള്ള റെഡ് ലാമ്പ് പ്രകാശിക്കുന്നതോടെ വോട്ടര്‍ക്ക് കാന്‍ഡിഡേറ്റ് ബട്ടണില്‍ അമര്‍ത്തി വോട്ട് ചെയ്യാം. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനില്‍ വോട്ട് രേഖപ്പെടുത്തിയശേഷം വിവിപാറ്റില്‍ വോട്ടു ചെയ്ത ചിഹ്നം നേരിട്ടുകണ്ട് വോട്ടര്‍ക്ക് തന്റെ വോട്ട് ഉറപ്പിക്കാവുന്നതാണ്.
കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകള്‍ 
പാസ് പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, സംസ്ഥാന – കേന്ദ്ര സര്‍ക്കാരുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയുടെയും ഫോട്ടോ പതിച്ച സര്‍വ്വീസ് തിരിച്ചറിയല്‍ രേഖ, ഫോട്ടോ പതിച്ച ബാങ്ക് –  പോസ്റ്റോഫീസ് പാസ്ബുക്കുകള്‍, പാന്‍ കാര്‍ഡ്, നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്റര്‍ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്, എം.എന്‍.ആര്‍.ഇ.ജി.എ. തൊഴില്‍ കാര്‍ഡ്, കേന്ദ്ര – തൊഴില്‍ മന്ത്രാലയം പുറത്തിറക്കുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ്, ഫോട്ടോ പതിച്ച പെന്‍ഷന്‍ രേഖ, എം.പി, എം.എല്‍.എ, എം.എല്‍.സി (മെംബര്‍ ഓഫ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍സ്) എന്നിവരുടെ ഔദ്യോഗിക രേഖ, ആധാര്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലുമൊരു രേഖ വോട്ടേഴ്സ് സ്ലിപിനൊപ്പം തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. പ്രവാസികള്‍  വോട്ട് ചെയ്യാന്‍ തിരിച്ചറിയല്‍ രേഖയായി നിര്‍ബന്ധമായും അസ്സല്‍ പാസ്പോര്‍ട്ട് കരുതണം.