പൊതു തിരഞ്ഞെടുപ്പ് ചട്ട ലംഘനം തടയാന്‍ ജില്ലയില്‍ വിവിധ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതം. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി പണം, മദ്യം, മറ്റു വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ വിതരണം ചെയ്യുന്നത് തടയുന്നതിനായാണ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നത്.
ഫ്ളയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വേയ്‌ലന്‍സ് സ്‌ക്വാഡ്, ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് ് എന്നിവയാണ്. ക്രമേണ ജില്ലയില്‍ അനധികൃതമായി കടത്തുന്ന പണം, മറ്റു വിലപിടിപ്പുള്ള വസ്തുക്കള്‍, അനധികൃതമായി സ്ഥാപിക്കുന്ന പ്രചരണ സാമഗ്രികള്‍ എന്നിവ പരിശോധിക്കുന്നതിനും പിടിച്ചെടുക്കുന്നതിനുമായി പ്രവര്‍ത്തിക്കുന്നത്.
ഫ്ളയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വേയ്‌ലന്‍സ് സ്‌ക്വാഡ് എന്നിവയുടെ പരിശോധനയില്‍ നിലവില്‍ 967715 രൂപയാണ് പിടിച്ചെടുത്തിരിക്കുന്നത്. 36 ഫ്ളയിംഗ് സ്‌ക്വാഡുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ഒരു നിയോജക മണ്ഡലത്തില്‍ ദിവസവും മൂന്നു സ്‌ക്വാഡുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഇത്തരത്തില്‍ ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്. ഒരു നിയോജക മണ്ഡലത്തില്‍ മൂന്ന് എന്ന കണക്കില്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ 36 സ്റ്റാറ്റിക് സര്‍വേയ്‌ലന്‍സ് സ്‌ക്വാഡുകളും ജില്ലയുടെ അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ പരിശോധന നടത്തുന്നതിനായി ഒമ്പത് സ്‌ക്വാഡുകളും നിലവിലുണ്ട്.
ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകള്‍ ജില്ലാ തലത്തില്‍ ഒന്നും ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 14 എണ്ണവുമാണ് പ്രവര്‍ത്തിക്കുന്നത്. പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച പ്രചരണ സാമഗ്രികള്‍ പ്രധാനമായും നീക്കം ചെയ്യുന്നത് ആന്റി ഡീഫെയ്മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ്. കൂടാതെ സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളില്‍ ഉടമകളുടെ അനുമതിയില്ലാതെ പതിക്കുന്ന പ്രചരണ സാമഗ്രികളും പരാതിയുടെ അടിസ്ഥാനത്തില്‍ നീക്കം ചെയ്യും. ഇതിന് ചെലവാകുന്ന തുക സ്ഥാനാര്‍ത്ഥിയില്‍ നിന്നും തിരിച്ചു പിടിക്കാനുള്ള നടപടികള്‍ ക്രമേണ സ്വീകരിക്കും. നിലവില്‍ 54788 പ്രചരണ സാമഗ്രികളാണ് സ്‌ക്വാഡ് നീക്കിയത്. ഇതിനു പുറമെ എക്‌സൈസ് വകുപ്പിന്റെ പരിശോധനയില്‍ 155000 രൂപ വിലമതിക്കുന്ന 263.5 ലിറ്റര്‍ വിദേശമദ്യവും പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ ആദായനികുതി വകുപ്പ് അനധികൃതമായി കണ്ടെത്തിയ 30 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.