ക്രിസ്തുമസ് ആഘോഷത്തിനായി മക്കള്‍ സമ്മാനിച്ച അരലക്ഷം രൂപ കണ്ണീരുണങ്ങാത്ത കടലിന്റെ മക്കള്‍ക്ക് ആശ്വാസം പകരാനായി നീക്കിവച്ച് ഒരമ്മ ആഘോഷത്തിന് വേറിട്ട നിറം നല്‍കുന്നു. ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് ജീവിതം താറുമാറായ തീരദേശ ജനതയ്ക്ക് ആശ്വാസം പകരാനായി നീളുന്ന പതിനായിരങ്ങള്‍ക്കൊപ്പം എണ്‍പത്തേഴുകാരിയായ ഈ അമ്മയും ചേരുന്നു. ദുരന്തങ്ങളുടെ മുറിപ്പാടുകള്‍ ടെലിവിഷനില്‍ കണ്ടതോടെയാണ് ഇത്തവണത്തെ ആഘോഷങ്ങള്‍ക്ക് മക്കള്‍ നല്‍കിയ അരലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാന്‍ കൊല്ലം കടപ്പാക്കട സ്വദേശിയായ ഷീല ആന്റണി തീരുമാനിച്ചത്. ഇന്ന് (ഡിസം. 20) രാവിലെ 11 മണിക്ക് ആരോഗ്യ – സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ ഓഫീസിലെത്തി മന്ത്രിക്ക് ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള തുക കൈമാറും.
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനുള്ള സന്നദ്ധത അറിയിച്ച് അവര്‍ വനിത കമ്മീഷനംഗം ഷാഹിദാ കമാലിനെ സമീപിക്കുകയായിരുന്നു. ഷീലയുടെ ഭര്‍ത്താവ് പതിനേഴ് വര്‍ഷം മുന്‍പ് മരണപ്പെട്ടു. മകള്‍ ആഫ്രിക്കയില്‍ ഭര്‍ത്താവിനൊപ്പം. മകന്‍ കൊല്ലത്ത് താമസിക്കുന്നു.