അട്ടപ്പാടി മേഖലയില്‍ മദ്യത്തിന്റെയും കഞ്ചാവിന്റെയും ഉപയോഗം വര്‍ധിക്കുന്നത് തടയാന്‍ പോലീസ്, ജനമൈത്രി എക്സൈസ് വകുപ്പുകള്‍ പരിശോധന കര്‍ശനമാക്കിയതായി അട്ടപ്പാടി മേഖലയുടെ ചുമതലയുള്ള എ.എസ്.പി. നവനീത് ശര്‍മ പറഞ്ഞു. ആദിവാസി ഊരുകളില്‍ ഉള്‍പ്പടെ മദ്യത്തിന്റെ ലഭ്യത കര്‍ശനമായി നിയന്ത്രിക്കുന്നതായും മദ്യത്തിന്റെ ഉപയോഗം മൂലം വര്‍ധിക്കുന്ന റോഡപകടങ്ങള്‍ ഒഴിവാക്കുന്നതിനായി കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുള്ളതായും എ.എസ്.പി അറിയിച്ചു. ഫോറസ്റ്റ്, ജനമൈത്രി എക്സൈസ് എന്നിവയുടെ സഹകരണത്തോടെ ആനമൂളി ചെക്ക് പോസ്റ്റില്‍ വാഹന പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. കൂടാതെ സ്പെഷ്യല്‍ എക്സൈസ് സ്‌ക്വാഡ് ആഴ്ചയില്‍ ഒരു തവണ പട്രോളിംഗ് നടത്തുകയും തമിഴ്നാട് പോലീസുമായി സഹകരിച്ച് ജനമൈത്രി എക്സൈസ് തമിഴ്നാടിന്റെ അതിര്‍ത്തി പ്രദേശങ്ങളായ ആനക്കട്ടി – ചിന്ന തടാകം ഭാഗങ്ങളില്‍ പരിശോധന നടത്തുകയും ചെയ്യുന്നുണ്ട്. ഊരുകളില്‍ മദ്യത്തിന്റെ ചില്ലറവില്‍പന നിയന്ത്രിക്കുന്നതിന് രാത്രിയും പകലും പരിശോധ നടത്തുകയും ലഹരി വില്‍പന കേസില്‍ അകപ്പെട്ട ആളുകളെ നിരീക്ഷിക്കുകയും ചെയ്യുന്നതായി ജനമൈത്രി എക്സൈസ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ജയപാലന്‍ പറഞ്ഞു.