കൂടുതല്‍ നടപടികള്‍ക്കായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

സ്ഥിരം അഗ്നിശമന സംവിധാനങ്ങള്‍ സ്ഥാപിച്ചിട്ടില്ലാത്ത കെട്ടിടങ്ങള്‍ക്കെതിരെ നടപടിയുമായി അഗ്‌നിശമന സേന വിഭാഗം. ജില്ലയിലെ കെട്ടിടങ്ങള്‍ പരിശോധിച്ചതിന് ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ജില്ലാ കലക്ടര്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും റിപ്പോര്‍ട്ട് നല്‍കിയതായി ജില്ലാ അഗ്നിശമന സേന മേധാവി അരുണ്‍ ഭാസ്‌ക്കര്‍ അറിയിച്ചു.
ചൂട് കനത്തതിനെ തുടര്‍ന്ന് അഗ്നിശമനസേന ജില്ലയിലെ കെട്ടിടങ്ങളുടെ പരിശോധന ഊര്‍ജ്ജിതമാക്കിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് മാര്‍ച്ചില്‍ ജില്ലയില്‍ലെ 1022 കെട്ടിടങ്ങളാണ് അഗ്നിശമനസേനാ വിഭാഗം പരിശോധിച്ചത്. സ്ഥിരം അഗ്നിശമന സംവിധാനങ്ങള്‍ സ്ഥാപിച്ചിട്ടും അവ പ്രവര്‍ത്തനക്ഷമമല്ലാത്ത കെട്ടിടങ്ങള്‍, അഗ്നിശമനസേനാ സംവിധാനങ്ങള്‍ സ്ഥിരമായി ഉള്ളതും എന്നാല്‍ പ്രവേശനമാര്‍ഗ്ഗം, കോണിപ്പടികള്‍, കോറിഡോര്‍, പാസ്സേജുകള്‍, മറ്റു സുരക്ഷാ മാര്‍ഗങ്ങള്‍ എന്നിവ ഇല്ലാത്തതുമായ കെട്ടിടങ്ങള്‍ എന്നിവയാണ് പ്രധാനമായും പരിശോധനയില്‍ കണ്ടെത്തിയത്. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അസംബ്ലി, ബിസിനസ്, വാണിജ്യ സ്ഥാപനങ്ങള്‍, സ്റ്റോറേജ്, വ്യവസായ സ്ഥാപനങ്ങള്‍, എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 772 കെട്ടിടങ്ങളില്‍ അപകടസാധ്യത കണ്ടെത്തുകയും 655 കെട്ടിടങ്ങള്‍ക്ക് അഗ്നിശമനസേന വിഭാഗം നോട്ടീസ് നല്‍കുകയും ചെയ്തു. അപകട ഭീഷണിയുള്ള കെട്ടിടങ്ങളെ സംബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ജില്ലാ ദുരന്തനിവാരണ അതോറിറ്റി എന്നിവയ്ക്കും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.