സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ സര്‍ഗവസന്തം ചിത്രരചനാ ക്യാമ്പ്-2019 ന് പടന്നക്കാട് കാര്‍ഷിക കോളേജില്‍ തുടക്കമായി. 14 ജില്ലകളിലും നിന്നും തിരഞ്ഞെടുക്കപ്പെട്ട 40 കുട്ടികളാണ് ത്രിദിന ചിത്രരചനാ ക്യാമ്പില്‍ പങ്കെടുക്കുന്നത്. ക്യാമ്പ് കാര്‍ഷിക കോളേജ് എന്‍ഡമോളജി വിഭാഗം പ്രൊഫസര്‍ കെ എം ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.ക്യാമ്പ് ഡയറക്ടര്‍ കാരയ്ക്കാ മണ്ഡപം വിജയകുമാര്‍  ക്യാമ്പ് അവലോകനം നടത്തി.കാര്‍ഷിക കോളേജ് വിജ്ഞാന വ്യാപക വിഭാഗം മേധാവി  കെ ജി സംഗീത, പയ്യന്നൂര്‍ കുഞ്ഞിരാമന്‍ എന്നിവര്‍ പങ്കെടുത്തു. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണ സമിതി അംഗം വാസു ചോറോട് സ്വാഗതവും എഡിറ്റോറിയല്‍ അസിസ്റ്റന്റ് പി വി കവിത നന്ദിയും പറഞ്ഞു.
തുടര്‍ന്ന്  ചിത്രരചന ഒരാമുഖം എന്ന വിഷയത്തില്‍ പ്രമോദ് കുരമ്പാലയും രേഖാചിത്രണത്തില്‍ എ കെ ഗോപീദാസ്, കാര്‍ട്ടൂണ്‍ രചന വിഷയത്തില്‍ ടി കെ സുജിത്തും വിഷയാവതരണം നടത്തി. ദ ഡിവൈന്‍ മൈക്കലാഞ്ചലോ എന്ന ചലച്ചിത്രവും പ്രദര്‍ശിപ്പിച്ചു.  ക്യാമ്പിന്റെ രണ്ടാം ദിനമായ ഇന്ന് ( 26) വിവിധ വിഷയങ്ങളില്‍ പ്രൊഫ. വി ജയചന്ദ്രന്‍, ശ്യാമ ശശി, രവീന്ദ്രന്‍ തൃക്കരിപ്പൂര്‍ ,ഉണ്ണി കാനായി തുടങ്ങിയവര്‍ വിഷയാവതരണം നടത്തും. സമാപന ദിവസമായ നാളെ(27) ജലച്ചായ രചന എന്ന വിഷയത്തില്‍ പൊന്ന്യം ചന്ദ്രനും പെയ്ന്റിങ് പ്രായോഗിക പരിശീലനം എന്ന വിഷയത്തില്‍ സചീന്ദ്രന്‍ കാറ്ഡക്കയും വിഷയാവതരണം നടത്തും.