* രാത്രിയിൽ മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണം
കനത്ത മഴയും കാറ്റുമുണ്ടാകാനുള്ള സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, പത്തനംതിട്ട, കോട്ടയം, വയനാട്, കോഴിക്കോട്, പാലക്കാട്  ജില്ലകളിൽ ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ രാത്രി ഏഴു മുതൽ രാവിലെ ഏഴു വരെ മലയോര മേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് അറിയിച്ചു. മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെയുള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങൾ നിർത്തരുത്.
മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകുന്നത് ഒഴിവാക്കുക. കൃത്യമായ അറിയിപ്പുകൾ ലഭിക്കുന്നതിനായി മുഖ്യമന്ത്രിയുടെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ഫേസ്ബുക്ക് പേജുകൾ ശ്രദ്ധിക്കാനും അറിയിപ്പുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.
നദികളും ചാലുകളും ഈ സമയത്ത് മുറിച്ചു കടക്കരുത്. പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെൽഫി എടുക്കുന്നത് ഒഴിവാക്കുക. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാൻ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങരുത്. കുട്ടികൾ ഇവിടങ്ങളിൽ ഇറങ്ങുന്നില്ലെന്ന് മുതിർന്നവർ ഉറപ്പുവരുത്തണം. നദിയിൽ കുളിക്കുന്നതും തുണി നനയ്ക്കുന്നതും കളിക്കുന്നതും ഒഴിവാക്കണം. പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ വെള്ളം കയറാത്തതും എളുപ്പം എടുക്കാൻ പറ്റുന്നതുമായ ഉയർന്ന സ്ഥലത്തു സൂക്ഷിക്കുക. ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തിൽ നിങ്ങൾ പുറത്താണെങ്കിൽ നിങ്ങളെ കാത്തുനിൽക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവർക്ക് നിർദേശം നൽകണം.
ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം. 1077 ആണ് ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ നമ്പർ. ജില്ലയ്ക്ക് പുറത്തുനിന്നാണ് വിളിക്കുന്നതെങ്കിൽ എസ്. ടി. ഡി കോഡ് ചേർക്കണം. പഞ്ചായത്ത് അധികൃതരുടെ നമ്പരുകൾ കൈവശം കരുതുക. വീട്ടിൽ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഉള്ളവർ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാൽ അവരെ ആദ്യം മാറ്റണം. പ്രത്യേക സഹായം ആവശ്യമെങ്കിൽ ഇവരുടെ വിവരം സാമൂഹിക നീതി വകുപ്പിലെ ഉദ്യോഗസ്ഥരെ അറിയിക്കുക. വളർത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ കെട്ടഴിച്ചു വിടുകയോ ചെയ്യുക.
നദിക്കരയോട് ചേർന്ന് താമസിക്കുന്നവരും മുൻകാലങ്ങളിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ ഉള്ളവരും എമർജൻസി കിറ്റ് തയ്യാറാക്കി സൂക്ഷിക്കണം.
കിറ്റിലുണ്ടാകേണ്ട വസ്തുക്കൾ (ഒരു വ്യക്തിക്ക് എന്ന കണക്കിൽ):
ടോർച്ച്, റേഡിയോ, ഒരു ലിറ്റർ വെള്ളം, ഒ. ആർ. എസ് പാക്കറ്റ്, അത്യാവശ്യം വേണ്ട മരുന്ന്, മുറിവിന് പുരട്ടുന്ന മരുന്ന്, ചെറിയ കുപ്പിയിൽ ആന്റി സെപ്ടിക്ക് ലോഷൻ, നൂറു ഗ്രാം കപ്പലണ്ടി, 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കിൽ ഈന്തപ്പഴം, ബിസ്‌ക്കറ്റോ റസ്‌കോ പോലെയുള്ള സ്‌നാക്‌സ്, ഒരു ചെറിയ കത്തി, 10 ക്‌ളോറിൻ ടാബ്‌ലറ്റ്, ഒരു ബാറ്ററി ബാങ്കോ ടോർച്ചിൽ ഇടാവുന്ന ബാറ്ററിയോ, കാൾ പ്ലാൻ ചാർജ് ചെയ്ത ഒരു സാധാരണ മൊബൈൽ ഫോണും ബാറ്ററിയും, തീപ്പട്ടിയോ ലൈറ്ററോ, അത്യാവശ്യം പണം.