പ്രവാസികൾക്ക് നാട്ടിലും വിദേശത്തും നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് ജില്ലാതല പ്രവാസി പരാതി പരിഹാര കമ്മിറ്റിക്ക് പരാതി നൽകാം. പ്രഥമ ലോക കേരളസഭയുടെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ നിലവിൽ വന്ന കമ്മിറ്റി പ്രവാസികളുടെ കുടുംബങ്ങൾ നാട്ടിൽ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള പരാതികളും പരിഗണിക്കും.

സർക്കാരിന്റെയും ആവശ്യമെങ്കിൽ എംബസിയുടെയും ഇടപെടലിലൂടെ പരാതികൾക്ക്പരിഹാരമുണ്ടാക്കും. ജില്ലാ കളക്ടർ ചെയർമാനായ കമ്മിറ്റിയുടെ കൺവീനർ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറാണ്. പരാതികൾ കോട്ടയം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ സ്വീകരിക്കും.

എല്ലാ മാസവും മൂന്നാമത്തെ ബുധനാഴ്ച കമ്മിറ്റി യോഗം ചേരും. അടുത്ത യോഗം മെയ് 15ന് നടക്കും. പരാതികൾ രേഖകൾ സഹിതം മെയ് 14നകം സമർപ്പിക്കണം. പ്രവാസികളും നാട്ടിൽ താമസിക്കുന്ന ബന്ധുക്കളും ഈ സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ പി.കെ. സുധീർബാബു അറിയിച്ചു.