പാലക്കാട് ജില്ലയിലെ മഴക്കാലപൂര്‍വ്വ ശുചീകരണം, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആസൂത്രണം ചെയ്യുന്നത് സംബന്ധിച്ച് നിയമസാംസ്്കാരികപട്ടികജാതിപട്ടികവര്‍ഗ വകുപ്പ് മന്ത്രി എ.കെ ബാലന്റെ അധ്യക്ഷതയില്‍ തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ ജലവിഭവ വകുപ്പുമന്ത്രി കെ.കൃഷ്ണന്‍കുട്ടിയും സന്നിഹിതനായിരുന്നു.
വാര്‍ഡ് തല സമിതി പ്രവര്‍ത്തനം കാര്യക്ഷമമാക്കണം
പകര്‍ച്ചവ്യാധി പ്രതിരോധത്തിനുതകുംവിധം കൃത്യമായ നിരീക്ഷണ ജാഗ്രതയോടെ വാര്‍ഡു തല ആരോഗ്യ ശുചിത്വ സമിതി പ്രവര്‍ത്തിക്കണമെന്ന് യോഗം വ്യക്തമാക്കി. കൃത്യമായ രൂപരേഖയുടെ അടിസ്ഥാനത്തിലാവണം പ്രവര്‍ത്തനം. വാര്‍ഡ് പരിധിയിലുള്ള ഭവനങ്ങളും സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും മാലിന്യമുക്തം ആണെന്ന് ഉറപ്പുവരുത്തുന്നതിന് പുറമേ പകര്‍ച്ചവ്യാധി സംബന്ധിച്ചും ശുദ്ധജലം സംബന്ധിച്ചും നിരീക്ഷണം ഊര്‍ജിതമാക്കണമെന്ന നിര്‍ദ്ദേശം യോഗ്യാധ്യക്ഷന്‍ മന്ത്രി എ.കെ ബാലന്‍ മുന്നോട്ടു വെച്ചു.
ആരോഗ്യ ജാഗ്രത 2019
വിവിധ വകുപ്പുകളുടെ ഏകോപനത്തില്‍ ഒരു വര്‍ഷം നീളുന്ന മാലിന്യമുക്ത പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) കെ. പി റീത്ത അറിയിച്ചു. ജനുവരിയില്‍ ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിരുന്നു. കൃത്യമായി അവലോകന യോഗം ചേരാന്‍ വാര്‍ഡു തല ആരോഗ്യ ശുചിത്വ സമിതിയ്ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട. പട്ടാമ്പി ഭാഗത്തുണ്ടായ മഞ്ഞപിത്ത രോഗബാധ നിയന്ത്രണവിധേയമാണ്. പ്രളയകാലത്ത് മലിനജലം കലര്‍ന്ന കിണര്‍വെള്ളം ഉപയോഗിച്ചതിനെ തുടര്‍ന്നുണ്ടായ രോഗബാധയായിരുന്നു ഇതെന്നും വരുംദിവങ്ങളില്‍ മുനിസിപ്പാലിറ്റി അധികൃതര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ഡിഎംഒ യോഗത്തില്‍ അറിയിച്ചു.

ജില്ലയിലെ മാലിന്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി എ.കെ ബാലന്‍ സംസാരിക്കുന്നു

മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
മഴയ്ക്ക് മുന്നോടിയായി ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ കൊതുക് നശീകരണം നടത്തി വരുന്നുണ്ട്. കുളങ്ങള്‍ , തോടുകള്‍ എന്നിവ തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെ വൃത്തിയാക്കിയിട്ടുണ്ട്. ആവശ്യമുളള കിണറുകളില്‍ ക്ലോറിനേഷനും നടപ്പാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്ക് ആരോഗ്യ ബോധവത്ക്കരണ ക്ലാസ്സ് നടത്തിയതായും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
സ്‌കൂളുകള്‍ തുറക്കും മുന്‍പേ സ്‌ക്കൂള്‍ പരിസരം വൃത്തിയാക്കാന്‍ നിര്‍ദ്ദേശം
സ്‌ക്കൂളുകള്‍ തുറക്കും മുന്‍പേ തന്നെ സ്‌കൂള്‍ പരിസരം വൃത്തിയാക്കാന്‍ സ്‌ക്കൂള്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി വിദ്യഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. കുട്ടികള്‍ക്ക് തിളപ്പിച്ച ആറിയ വെള്ളം നല്‍കുക, സ്‌ക്കൂള്‍ വാട്ടര്‍ടാങ്ക് ശുചീകരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. സ്‌കൂളുകളില്‍ വെള്ളിയാഴ്ചകളില്‍ ഡ്രൈഡേ ആചരിക്കുന്നുണ്ട്. ജില്ലാ വിദ്യഭ്യാസ ഓഫീസറും അസിസ്റ്റന്റ് വിദ്യഭ്യാസ ഓഫീസറും ഇതു സംബന്ധിച്ച് നിരീക്ഷണം നടത്തുന്നുണ്ട്. അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ആരോഗ്യ ബോധവത്കരണ പരിശീലനവും നല്‍കി വരുന്നുണ്ട.് കൂടാതെ സ്‌കൂളുകളില്‍ ഹരിതചട്ടം പാലിക്കുന്നുണ്ടെന്നും സ്‌കൂള്‍ അസംബ്ലികളില്‍ ആരോഗ്യ സന്ദേശം നല്‍കുന്നതായും വിദ്യാഭ്യാസ വിദ്യഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
2000ത്തോളം പേരെ ഉള്‍പ്പെടുത്തി ഹരിതകര്‍മ്മസേന
നിലവില്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളിലേക്കുമായി ഒരു വാര്‍ഡില്‍ 2 പേര്‍വീതമെന്ന കണക്കില്‍ ഏകദേശം രണ്ടായിരത്തോളം പേരെ ഉള്‍പ്പെടുത്തി ഹരിതകര്‍മ്മസേന രൂപീകരിച്ചിട്ടുണ്ട്. 88 ഗ്രാമപഞ്ചായത്തുകളില്‍ 31 ലും ഏഴ് നഗരസഭകളില്‍ ആറ് എണ്ണത്തിലുമായി അവ പ്രവര്‍ത്തിച്ചു പോരുന്നുണ്ട്. ജലസ്രോതസ്സുകള്‍, കനാലുകള്‍ , തുടങ്ങിയവയില്‍ വിസര്‍ജ്ജ്യമുള്‍പ്പെടെയുളള മാലിന്യനിക്ഷേപം നടത്തുന്നവര്‍ക്കെതിരെ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ നിയമപരമായി കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യമുളള പക്ഷം ഇതിനായി ജാഗ്രതാ സമിതി രൂപീകരിക്കണമെന്നും മന്ത്രി കെ.കൃഷ്ണന്‍കുട്ടി യോഗത്തില്‍ നിര്‍ദ്ദേശിച്ചു. പ്രധാനപാതകളുടെ ഓരങ്ങളില്‍ കുമിഞ്ഞു കൂടി കിടക്കുന്ന മാലിന്യനിക്ഷേപം ഉടന്‍ നീക്കാനുളള നടപടി ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ സ്വീകരിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി പറഞ്ഞു. വരുദിവസങ്ങളില്‍ ബ്ലോക്ക്പഞ്ചായത്ത്തല അധികൃതരുടെ യോഗം വിളിക്കാനും യോഗത്തില്‍ തീരുമാനമായി . യോഗത്തില്‍ എം.എല്‍.എമാരായ പി.കെ ശശി, പി.ഉണ്ണി തുടങ്ങിയവരും സംബന്ധിച്ചു.