മഴക്കാല പൂര്‍വ്വ ശുചീകരണം: മെയ് 11, 12 ന് ശുചീകരണ യജ്ഞം
പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് പ്രധാനവഴി മാലിന്യ വ്യാപനം തടയുകയാണെന്നും ഇതിന് ജനങ്ങളെ അണിനിരത്തിയുള്ള മാലിന്യമുക്ത പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ വകുപ്പുകളുടെ യോജിച്ച പ്രവര്‍ത്തനം അനിവാര്യമാണെന്നും തൊഴില്‍- എക്‌സൈസ് വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിന്റെയും  നേതൃത്വത്തില്‍ പ്രാദേശിക തലങ്ങളില്‍ ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ മഴക്കാലത്തിന് മുന്നോടിയായി നടത്തണം. ‘ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യമുക്ത പരിസരം’, ‘മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം’ എന്നീ രണ്ട് മുദ്രാവാക്യങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിന് ശക്തമായ ബോധവത്ക്കരണവും കൂട്ടായ്മയും വേണമെന്നും മന്ത്രി പറഞ്ഞു. മഴക്കാല പൂര്‍വ്വ ശുചീരണം, പകര്‍ച്ചവ്യാധി പ്രതിരോധം എന്നിവ കാര്യക്ഷമമായി നടപ്പാക്കുന്നതിന് കലക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകായിരുന്നു മന്ത്രി രാമകൃഷ്ണന്‍. യോഗത്തില്‍ ഗതാഗത വകുപ്പു മന്ത്രി എ.കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി മെയ് 11, 12 തിയ്യതികളില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന ശുചീകരണ യജ്ഞത്തില്‍ ജില്ലയും സജ്ജീവ പങ്കാളിത്തം വഹിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കുളങ്ങള്‍, നദികള്‍, തോടുകള്‍, അഴുക്കുചാലുകള്‍ തുടങ്ങിയവ വൃത്തിയാക്കും. ശുചീകരണ യജ്ഞവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ആറ്, ഏഴ് തിയ്യതികളില്‍ തദ്ദേശ സ്ഥാപന തലങ്ങളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേര്‍ന്ന് പദ്ധതി തയ്യാറാക്കും. ഇതിന്റെ സന്ദേശം വാര്‍ഡ്- അയല്‍ക്കൂട്ട തലങ്ങളില്‍ എത്തിക്കുന്നതിന് ഫലപ്രദമായ നടപടികള്‍ വേണം. മെയ് 10 നകം എം.എല്‍.എമാരുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേര്‍ത്ത് പ്രവര്‍ത്തന പുരോഗതി വിലയിരുത്തും.
മഴക്കാല പൂര്‍വ്വ ശുചീകരണ- മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ വാര്‍ഡിനും ശുചിത്വ മിഷന്റെ 10,000 രൂപയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെ 10,000 രൂപയും ലഭിക്കും. പഞ്ചായത്തുകള്‍ക്ക് തനതു ഫണ്ടില്‍ നിന്ന് 5,000 രൂപ വീതം വാര്‍ഡുകള്‍ക്കായി ചെലവഴിക്കുകയും ചെയ്യാം. ഇതുകൂടാതെ മാലിന്യ നിര്‍മാര്‍ജനത്തിനുള്ള പൊതുപദ്ധതികള്‍ക്കായി തനതു ഫണ്ടില്‍ നിന്ന് ആവശ്യമായ തുക തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ചെലവഴിക്കാന്‍ അനുമതിയുണ്ട്. ശുചിത്വ മിഷന്റെ ഫണ്ട് വിതരണം വൈകുകയാണെങ്കില്‍ തനത് ഫണ്ട് ചെലവഴിച്ച് പിന്നീട് റീഇംപേഴ്‌സ് ചെയ്യാം.
മാലിന്യ നിര്‍മാര്‍ജനം താഴേതട്ടില്‍ ഫലപ്രദമായി നടക്കുന്നുവെന്ന് പഞ്ചായത്തുകള്‍, നഗരസഭകള്‍, കോര്‍പറേഷന്‍ എന്നിവ ഉറപ്പാക്കണമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍ദ്ദേശിച്ചു. വാര്‍ഡ് തലത്തില്‍ ഇതിന്റെ ഏകീകരണം നടക്കണം. ഗാര്‍ഹികതലത്തിലും ഓഫീസുകള്‍/സ്ഥാപനങ്ങള്‍ അടിസ്ഥാനത്തിലും പൊതു ഇടങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. വാര്‍ഡ് തലത്തില്‍ 50 വീടുകള്‍ അടങ്ങുന്ന ക്ലസ്റ്ററുകളുണ്ടാക്കി അതത് പ്രദേശങ്ങളിലെ പ്രായോഗികതയ്ക്ക് അനുസരിച്ച മാലിന് നിര്‍മാര്‍ജന പരിപാടി തയ്യാറാക്കണം. വാര്‍ഡുകളില്‍ ശുചിത്വ സ്‌ക്വാര്‍ഡുകള്‍ രൂപീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
മാലിന്യത്തിന്റെ അളവ് കുറക്കുകയും ഉറവിട മാലിന്യ സംസ്‌ക്കരണത്തിന് ബോധവത്ക്കണം ഊര്‍ജിതമാക്കുകയും വേണം. റോഡരികിലെ മാലിന്യങ്ങള്‍ നീക്കാന്‍ തദ്ദേശ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടവും മുന്‍കയ്യെടുക്കണം. മാലിന്യ സംസ്‌ക്കരണത്തിന് ശാസ്ത്രീയമായ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ സ്ഥലം കണ്ടെത്തിയേ മതിയാകൂ എന്നും എതിര്‍പ്പുള്ള സ്ഥലങ്ങളില്‍ ജനങ്ങളെ ബോധവത്ക്കരിച്ച് പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാന്‍ നടപടികള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.
മഴക്കാലത്ത് കൊതുകുജന്യ രോഗങ്ങള്‍ തടയുന്നതിന് കൊതുകിന്റെ ഉറവിടം നശിപ്പിക്കണമെന്ന് അഡീഷണല്‍ ഡി.എം.ഒ ഡോ.ആശാദേവി പറഞ്ഞു. ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍, പറമ്പുകള്‍, ഉപയോഗിക്കാത്ത വള്ളങ്ങള്‍ എന്നിവ കൊതുകു വളര്‍ത്തു കേന്ദ്രങ്ങളാകുന്നത് തടയണം. യോഗത്തില്‍ എം.എല്‍.എമാരായ എം.കെ മുനീര്‍, വി.കെ.സി മമ്മദ് കോയ, സി.കെ നാണു, കെ. ദാസന്‍, പി.ടി.എ റഹീം, പുരുഷന്‍ കടലുണ്ടി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, നഗരസഭാ ചെയര്‍മാന്‍മാര്‍, ബ്ലാക്ക്- ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, എ.ഡി.എം ഇ.പി മേഴ്‌സി, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.