സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി)യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന യോഗാ ഒളിമ്പ്യാഡിന്റെ ഉദ്ഘാടനം കായിക യുവജനക്ഷേമ ഡയറക്ടർ സഞ്ജയൻ കുമാർ നിർവഹിച്ചു. വേഗതയാർന്ന ഇന്നത്തെ ജീവിത സാഹചര്യത്തിൽ യോഗ പരിശീലനത്തിനുള്ള പ്രാധാന്യം ഏറെയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അരുവിക്കര മൈലം ഗവ.ജി.വി.രാജ സ്‌പോർട്‌സ് സ്‌കൂളിൽ നടക്കുന്ന ഒളിമ്പ്യാഡ് ചൊവ്വാഴ്ച സമാപിക്കും. 14 ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 224 വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. യു.പി., ഹൈസ്‌കൂൾ വിഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മത്സരമാണ് നടക്കുന്നത്.
അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ.മിനി അധ്യക്ഷയായ ഉദ്ഘാടന സമ്മേളനത്തിൽ ഡോ.എസ്.രവീന്ദ്രൻ നായർ, ഡോ.പി.റ്റി. അജീഷ്, ഡോ.കെ.രാജഗോപാലൻ, മൈലം വാർഡ് മെമ്പർ റ്റി.ഇ.കുമാർ, എസ്.രാജേന്ദ്രൻ, ബാലകൃഷ്ണൻ എന്നിവർ സംബന്ധിച്ചു. കഴിഞ്ഞവർഷം ദേശീയ യോഗ ഒളിമ്പ്യാഡിൽ മികച്ച പ്രകടനം കാഴ്ചവെച്ച് പുരസ്‌കാരങ്ങൾ നേടിയ തൃശൂർ ജില്ലയിൽ നിന്നുള്ള ആര്യ.എസ്.സുരേഷ്, ഗായത്രി ടി.ആർ., ഹിബ മറിയം, ഫാത്തിമ ഷഹല എന്നിവർക്ക് ഉദ്ഘാടന സമ്മേളനത്തിൽ ഉപഹാരങ്ങൾ നൽകി.
സംസ്ഥാനതലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 16 അംഗ ടീമാണ് ദേശീയ യോഗ ദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ നടക്കുന്ന ദേശീയ യോഗ ഒളിമ്പ്യാഡിൽ പങ്കെടുക്കുന്നത്. ഉദ്ഘാടന സമ്മേളനത്തെ തുടർന്ന് കുട്ടികളുടെ ആർട്ടിസ്റ്റിക് യോഗ പ്രകടനവും നടന്നു.