ഏതെങ്കിലും തരത്തിലുള്ള പീഢനങ്ങള്‍ക്കോ മറ്റു ഉപദ്രവങ്ങള്‍ക്കോ സ്ത്രീകളും കുട്ടികളും ഇരയാകുന്നുണ്ടെങ്കില്‍ നിലവിലുള്ള പഞ്ചായത്ത്, വാര്‍ഡ് തല ജാഗ്രതാ സമിതിയില്‍ പരാതിപ്പെടാം. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്താന്‍ സംസ്ഥാന വനിതാ കമ്മീഷന്റെ കീഴില്‍ രൂപീകരിച്ച ജാഗ്രതാസമിതികള്‍ ജില്ലയില്‍ സജീവമാണെന്ന് ഉറപ്പുവരുത്തിയതായി ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസറും ജാഗ്രതാ സമിതി കണ്‍വീനറുമായ പി.മീര പറഞ്ഞു. സാമൂഹിക നീതി വകുപ്പ് ഓഫീസിലോ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍, അംഗന്‍വാടി വര്‍ക്കേഴ്സ് എന്നിവരെയോ പരാതി അറിയിക്കാം. പരാതിക്കാരെയും എതിര്‍ കക്ഷികളെയും സമിതി മുന്‍പാകെ വിളിച്ചുവരുത്തി ഇരുവരുടെയും വാദം കേട്ടാണ് പരിഹാര നടപടികള്‍ സ്വീകരിക്കുന്നത്. കൗണ്‍സിലിംഗ് ആവശ്യമുള്ളവര്‍ക്ക് ജില്ലാ ആശുപത്രിയിലെ ഭൂമിക സെന്ററില്‍ നിന്ന് കൗണ്‍സിലറുടെ സേവനവും സമിതി മുഖേന ലഭ്യമാക്കുന്നുണ്ട്. കൂടാതെ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറുടെയും വനിതാസെല്ലിലെ പോലീസ് ഓഫീസര്‍മാരുടെയും സഹായവും ലഭിക്കുന്നുണ്ട്. ജില്ലാ പോലീസ് സൂപ്രണ്ടും സമിതി അംഗം ആയതിനാല്‍ പോലീസ് നടപടി ആവശ്യമായ പരാതികള്‍ക്കും വേണ്ട സഹായം ലഭിക്കുന്നുണ്ട്. സൗജന്യ നിയമ സഹായം ആവശ്യം ഉള്ള പരാതിക്കാര്‍ക്ക് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സഹായവും സമിതി മുഖേന നല്‍കിവരുന്നുണ്ട്. ആവശ്യമെങ്കില്‍ പരാതിക്ക് ആസ്പദമായ സ്ഥലങ്ങള്‍ സമിതി അംഗങ്ങള്‍ സന്ദര്‍ശനം നടത്തും. എല്ലാമാസവും 10 ന് ജില്ലാ പഞ്ചായത്തില്‍ ജില്ലാ ജാഗ്രത സമിതി സിറ്റിംഗ് നടത്തി ലഭിച്ച പരാതികള്‍ സമിതി മുന്‍പാകെ ചര്‍ച്ച ചെയ്യും. തദ്ദേശസ്വയംഭരണ വകുപ്പിന്റെയും സാമൂഹികക്ഷേമ വകുപ്പിന്റെയും മേല്‍നോട്ടത്തിലാണ് ജാഗ്രതാസമിതികള്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ് ജില്ലാ ജാഗ്രതാ സമിതിയുടെ ചെയര്‍പേഴ്സണ്‍. പരാതികള്‍ ലഭിക്കുന്നതിനനുസരിച്ച് വാര്‍ഡ് തലത്തില്‍ കമ്മിറ്റികള്‍ കൂടുകയും പരിഹരിക്കാന്‍ കഴിയാത്ത പരാതികള്‍ ജില്ലാ ജാഗ്രതാ സമിതിയിലേക്ക് നിര്‍ദ്ദേശിക്കുകയും ചെയ്യും. വര്‍ഷം തോറും അന്‍പതോളം പരാതികള്‍ പരിഹരിക്കപ്പെടുന്നുണ്ട്. ഗാര്‍ഹിക പീഡനത്തിനും മറ്റുപദ്രവങ്ങള്‍ക്കും ഇരയായ സ്ത്രീകളില്‍ നിന്നുള്ളതും സ്വത്തുതര്‍ക്കം സംബന്ധിച്ചും ഉള്ള പരാതികളാണ് കൂടുതലായി ലഭിക്കുന്നത്. പോലീസ് സ്റ്റേഷനില്‍ നിന്നും വനിതാ സെല്ലില്‍ നിന്നും നിര്‍ദ്ദേശിക്കുന്ന പരാതികളും സമിതിയില്‍ പരിഗണിക്കുന്നുണ്ട്.