കൊച്ചി: പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്ന നൂറിലധികം വീടുകള്‍ പുനര്‍നിര്‍മ്മിച്ചു നല്‍കി കുന്നുകര ഗ്രാമപഞ്ചായത്ത്. സംസ്ഥാന സര്‍ക്കാരിന്റെയും വിവിധ സംഘടനകളുടെയും സഹകരണത്തോടെയാണ് എട്ടു മാാസത്തിനുള്ളില്‍ 103 കുടുംബങ്ങള്‍ക്ക് തണലേകാന്‍ പഞ്ചായത്തിനായത്. ഭാഗികമായി തകര്‍ന്ന 250 തിലധികം വീടുകളുടെ പുനര്‍നിര്‍മ്മാണവും പഞ്ചായത്ത് പൂര്‍ത്തിയാക്കി.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലുണ്ടായ പ്രളയം കുന്നുകര ഗ്രാമപഞ്ചായത്തില്‍ കനത്ത നാശമാണ് വരുത്തിയത്. പഞ്ചായത്തിലെ 160 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ഷിക മേഖലയെയും പ്രളയം സാരമായി ബാധിച്ചു. മഹിളാ കിസാന്‍ സശാക്തീകരണ്‍ പരിയോജന പദ്ധതിയിലൂടെ ഒരു പരിധിവരെ കാര്‍ഷിക മേഖല തിരിച്ചുപിടിക്കാന്‍ പഞ്ചായത്തിനു സാധിച്ചു.

സംസ്ഥാന സര്‍ക്കാരിനോടൊപ്പം വിവിധ സംഘടനകളും പ്രസ്ഥാനങ്ങളും പഞ്ചായത്തിന്റെ പ്രളയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. പൂര്‍ണമായും തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മ്മാണമാണ് ആദ്യം തുടങ്ങിയത്. ഇതില്‍ സര്‍ക്കാര്‍ സഹായമായ നാല് ലക്ഷം രൂപ സ്വീകരിച്ച് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയവരുമുണ്ട്. നിയമപരമായി മറ്റ് തടസങ്ങളുള്ളവരുടെ വീടുകളുടെ നിര്‍മ്മാണമാണ് ഇനിയും ബാക്കിയുള്ളത്.

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായി ഉപയോഗിച്ചു. ഇതു വഴി പഞ്ചായത്ത് പ്രദേശത്ത് മൂന്ന് കോടിയിലധികം തുക ജീവനോപാധികള്‍ വീണ്ടെടുക്കുന്നതിന് ചെലവഴിച്ചു. പഞ്ചായത്തില്‍ 103 വീടുകള്‍ പൂര്‍ണമായും പൂര്‍ത്തിയാക്കി കഴിഞ്ഞു. പ്രളയത്തിന് മുമ്പ് ഉണ്ടായതിനേക്കാള്‍ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരുക്കാന്‍ കഴിഞ്ഞതെന്ന് പ്രസിഡന്റ് ഫ്രാന്‍സിസ് തറയില്‍ പറഞ്ഞു.