കൊച്ചി: ദേശീയ നഗര ഉപജീവന മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പറവൂർ നഗരസഭയിൽ നൂതന വനിതാ സംരംഭങ്ങൾ മുന്നേറുന്നു. ഡിസൈനർ തുണി സഞ്ചി നിർമ്മാണ യൂണിറ്റ്, എ ടു ഇസഡ് സർവ്വീസ് ടീം, ഫ്രഷ് കട്ട് വെജിറ്റബിൾസ് ആന്റ് ഫിഷ് എന്നിങ്ങനെയാണ് പറവൂരിൽ ആരംഭിച്ചിരിക്കുന്ന പുതിയ സംരംഭങ്ങൾ. മൂന്ന് സംരംഭങ്ങളും കുടുംബശ്രീ വനിതകൾ ഏറ്റെടുത്ത് നടത്തുന്നവയാണ്.

ഡിസൈനർ തുണിസഞ്ചി നിർമ്മാണത്തിന് രണ്ട് യൂണിറ്റുകൾ ആണുള്ളത്. മിനി ടൈലറിംഗ് യൂണിറ്റും രശ്മി ടൈലറിംഗ് യൂണിറ്റും. നഗരസഭയിൽ പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി കുട്ടികൾക്ക് പ്ലാസ്റ്റിക് ചെപ്പുകൾക്ക് പകരം ‘ചങ്ങാതി ചെപ്പ്’ എന്ന പേരിൽ തുണി കൊണ്ട് നിർമ്മിക്കുന്ന പെൻസിൽ ബോക്സും ഇതിലൂടെ തയ്യാറാക്കുന്നുണ്ട്. ഈ പദ്ധതികൾക്ക് സംസ്ഥാന തലത്തിൽ ഹരിത കേരള മിഷന്റെ അംഗീകാരം ലഭിച്ചവയാണ്. ഓൺലൈൻ മാർക്കറ്റിംഗിൽ ഏറ്റവും മുന്നിലുള്ള ആമസോണുമായി കരാറിൽ ഏർപ്പെടാനുള്ള തയ്യാറെടുപ്പിലാണ് ഇവർ.

ഓരോ ടൈലറിങ് യൂണിറ്റുകളിലും അഞ്ച് പേർ വീതമാണുള്ളത്. നഗരസഭയിൽ നിന്നും ലഭിച്ച ഒരു ലക്ഷം രൂപ ലോൺ ഉപയോഗിച്ചാണ് തയ്യൽ മെഷീനുകളും നൂലുകളും മറ്റ് അവശ്യവസ്തുക്കളും വാങ്ങിയത്. ലോണിൽ 50,000 രൂപ സബ്സിഡി ആയാണ് നൽകിയിരിക്കുന്നത്. വീടുകളിലാണ് യൂണിറ്റുകൾ പ്രവർത്തിക്കുന്നത്. സെന്റ് തെരേസാസ് കോളേജിലെ ഭൂമി മിത്രം പദ്ധതിയുടെ ഭാഗമായി മൂന്ന് ദിവസത്തെ പരിശീലനം ലഭിച്ചതിനു ശേഷമാണ് ഇവർ ഡിസൈനർ തുണിസഞ്ചികൾ നിർമ്മിക്കാൻ തുടങ്ങിയത്.

നഗരസഭാ പരിധിയിൽ ഉൾപ്പെടുന്ന സർക്കാർ സ്കൂളുകളിലെ എൽ.കെ.ജി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പെൻസിൽ പൗച്ചുകൾ ഉണ്ടാക്കുന്ന തിരക്കിലാണ് ഈ ടെയ്ലറിംഗ് യൂണിറ്റുകൾ. ഇരു യൂണിറ്റുകൾക്കും 1500 വീതം പെൻസിൽ പൗച്ചുകൾക്കാണ് നഗരസഭ ഓർഡർ നൽകിയിരിക്കുന്നത്. യൂണിറ്റുകൾ തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ തന്നെ ഇവർ ഇതിന്റെ പകുതിയോളം പൗച്ചുകൾ നിർമ്മിച്ചു കഴിഞ്ഞു. ഒരു ദിവസം ഒരാൾക്ക് അറുപത് മുതൽ എഴുപത് വരെ പൗച്ചുകൾ നിർമ്മിക്കാൻ സാധിക്കും. പൗച്ച് ഒന്നിന് 30 രൂപയാണ് നഗരസഭ ഇവർക്ക് നൽകുന്നത്. മൂവായിരം എണ്ണമാണ് നഗരസഭ ഓർഡർ നൽകിയിരിക്കുന്നതെങ്കിലും സ്കൂൾ തുറന്ന ശേഷം കൂടുതൽ പൗച്ചുകൾ നിർമ്മിക്കേണ്ടി വരും എന്നാണ് ഇവർ കരുതുന്നത്. സ്കൂൾ തുറന്നതിന് ശേഷമേ എൽ.കെ.ജി, ഒന്ന്, അഞ്ച് ക്ലാസുകളിലെ പുതിയ അഡ്മിഷനുകളുടെ എണ്ണം കൃത്യമായി പറയാൻ സാധിക്കൂ.

ചെറിയ പ്രായത്തിൽ തന്നെ കുട്ടികളുടെ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് ചങ്ങാതിച്ചെപ്പ് പദ്ധതി നടപ്പാക്കുന്നതെന്ന് പറവൂർ നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് പറഞ്ഞു. പൗച്ചുകളിൽ ‘എന്റെ ഹരിത ചുവട് ‘ എന്ന വാക്കുകളോടെയുള്ള തുണിയിൽ നിർമ്മിച്ച സ്റ്റിക്കറുകളും പതിച്ചിട്ടുണ്ട്. പെൻസിൽ പൗച്ചുകൾ കൂടാതെ ഹാൻഡ് ബാഗുകൾ, സ്ലിംഗ് ബാഗുകൾ, വെജിറ്റബിൾ ബാഗുകൾ, ലഞ്ച് ബാഗുകൾ, പേഴ്സ് ബാഗുകൾ, ബോൾ ബാഗുകൾ, സ്ട്രോബറി ബാഗുകൾ, ഫയൽ ബാഗുകൾ എന്നിവയും ഇവർ നിർമ്മിക്കുന്നുണ്ട്. ഇതിൽ വെജിറ്റബിൾ ബാഗുകളിൽ പലതരം പച്ചക്കറികൾ ഇടുന്നതിനായി എട്ട് മുതൽ പത്ത് വരെ അറകൾ ഉൾപ്പെടുത്തിയാണ് നിർമ്മിച്ചിരിക്കുന്നത്. പേഴ്സ് ബാഗുകളിൽ ഏകദേശം പത്ത് കിലോ ഭാരം വരെ താങ്ങാൻ സാധിക്കും. ബോൾ / സ്ട്രോബറി ബാഗുകളിൽ അഞ്ച് കിലോ ഭാരം വരെയും ഉൾക്കൊള്ളും.

ഓർഡറുകൾക്കായി വിളിക്കേണ്ട നമ്പറുകൾ:
മിനി ടെയ്ലറിംഗ് യൂണിറ്റ്, കിഴക്കേപ്രം – 9446 8483 17
രശ്മി ടെയ്ലറിംഗ് യൂണിറ്റ്, ചെറിയ പല്ലംതുരുത്ത് – 7025 3382 47

വീട്ടിലേക്കോ ഓഫീസിലേക്കോ ആവശ്യമായ സേവനങ്ങൾ ഒരു ഫോൺ കോളിലൂടെ മിതമായ നിരക്കിൽ നൽകുന്ന സേവനമാണ് എ ടു ഇസഡ് സർവീസ്. പ്രായമായവരോ വീട്ടിൽ ഒറ്റപ്പെട്ട് താമസിക്കുന്നവരോ ആയ ആളുകൾക്കായാണ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്. ടെലിഫോൺ ചാർജ്, കറണ്ട് ബില്ല്, വാട്ടർ ചാർജ്, മരുന്ന്, ആവശ്യപ്പെടുന്ന ഹോട്ടലിൽ നിന്ന് ഭക്ഷണം, പലചരക്ക്, പച്ചക്കറി, മീൻ എന്നിവയും ഇവർ വീട്ടിലെത്തിച്ചു നൽകുന്നു. 7994 7251 41 എന്ന ഫോൺ നമ്പറിലാണ് എ ടു ഇസഡ് സേവനങ്ങൾക്കായി വിളിക്കേണ്ടത്.

ഉദ്യോഗസ്ഥരായ വീട്ടമ്മമാർ ജോലി കഴിഞ്ഞ് വീട്ടിൽ എത്തുമ്പോൾ എളുപ്പത്തിൽ പാചകം ചെയ്യുന്നതിനായി ശുദ്ധവും ജൈവവുമായ പച്ചക്കറി, മീൻ എന്നിവ കഷണങ്ങളാക്കി ‘റെഡി ടു കുക്ക് ‘ മാതൃകയിലാണ് വീടുകളിൽ എത്തിക്കുന്നത്. രണ്ട് യൂണിറ്റുകളാണ് ഇതിനായി നഗരസഭയിൽ പ്രവർത്തിക്കുന്നത്. സുകൃതം ഫ്രഷ്‌ കട്ട് വെജിറ്റബിൾസ് ആന്റ് ഫിഷ് , പെരുവാരം – 8111 9150 93, നന്മ വെജിറ്റബിൾസ് ആന്റ് ഫിഷ് കട്ട് യൂണിറ്റ്, പെരുവാരം – 9947 5958 47.

ക്യാപ്ഷൻ: 1. ഡിസൈനർ തുണിസഞ്ചി നിർമ്മാണ യൂണിറ്റിലെ അംഗങ്ങൾ അവർ നിർമ്മിച്ച ഉത്പന്നങ്ങളുമായി

2. ചങ്ങാതിച്ചെപ്പ് പെൻസിൽ പൗച്ച്