വിനോദ സഞ്ചാര വകുപ്പിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്റെ ആഭിമുഖ്യത്തില്‍ സാമൂഹിക സാമ്പത്തിക ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന കടലുണ്ടി കമ്യൂണിറ്റി റിസര്‍വ്വ് പരിധിയിലെ നൂറോളം വനിതകള്‍ക്ക് വിത്തു പേന നിര്‍മാണ പരിശീലനം നല്‍കി. വിത്തു പേന എഴുതി തീര്‍ത്ത ശേഷം വലിച്ചെറിയുമ്പോള്‍ കടലാസുകള്‍ മണ്ണില്‍ അലിയുകയും വിത്ത് മുളച്ച് തൈ ആവുകയും ചെയ്യും. പരിശീലനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച 125 പേനകള്‍ പരിശീലനത്തിനു വേദിയായ കോട്ടപ്പടി കൈരളി സ്‌കൂളിലെ കുട്ടികള്‍ക്ക് സമ്മാനമായി നല്‍കാന്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസിനു കൈമാറി. വെറും ഒരു പേന എന്നതിലുപരി 100 ഓളം പുതു വൃക്ഷങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന ദൗത്യമെന്ന നിലയില്‍  പദ്ധതി തുടര്‍ന്നു കൊണ്ടു പോകാനുള്ള  പൂര്‍ണ്ണ പിന്തുണയും സഹായവും കടലുണ്ടി കമ്യൂണിറ്റി റിസര്‍വ്വ് ഉറപ്പ് നല്‍കിയിട്ടുണ്ട്.
വിത്തു പേന നിര്‍മാണ പരിശീലനം കൂടാതെ പേപ്പര്‍ ബാഗ്, ക്ലോത്ത് ബാഗ് നിര്‍മ്മാണ പരിശീലനവും ഉത്തരവാദിത്ത ടൂറിസം മിഷന്റെ ജലായനം പദ്ധതിയുടെ വനിതാ വിഭാഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോഴിക്കോട് ജില്ല കോര്‍ഡിനേറ്റര്‍   ശ്രീകല       ലക്ഷമി ആണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്.  മിഷനില്‍ രജിസ്റ്റര്‍ ചെയ്ത യൂണിറ്റായ ധരണി ക്രാഫ്റ്റ് ഗലേറിയയിലെ അംഗങ്ങളായ അളക, അജ്ജുഷ, ഷൗഫിറ, എന്നിവരാണ് പരിശീലകര്‍. കൂടാതെ സെന്റ് ജോസഫ് കോളേജ് ദേവഗിരിയിലെ സാമൂഹിക പ്രവര്‍ത്തന വിഭാഗം ബ്ലോക്ക് പ്ലേസ്‌മെന്റ് വിദ്യാര്‍ത്ഥിനികളായ അഭിഷാ ചന്ദ്രന്‍ ടി.കെ, ആദിത്യ വി.പി ,അമൃത കെ, ലക്ഷമി എസ് കുമാര്‍ ,ഉത്തരവാദിത്ത ടൂറിസം മിഷനിലെ റിസോഴ്‌സ് പേഴ്‌സണ്‍ ആയ അഖില്‍ കെ.കെ എന്നിവരുടെയും പങ്കാളിത്തത്തോടെ പരിപാടി വിജയകരമായി പൂര്‍ത്തീകരിച്ചു. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതോടൊപ്പം സത്രീകളെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവന്ന് വരുമാനമാര്‍ഗം ഉറപ്പാക്കുകയാണ്പരിശീലന പരിപാടി ലക്ഷ്യം വയ്ക്കുന്നത്.