നവീകരണ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്ന പട്ടാമ്പി- പുലാമന്തോള്‍ സംസ്ഥാന പാതയിലെ കൊപ്പം വരെയുള്ള ഉള്ള ഏഴ് കിലോമീറ്റര്‍ റോഡിന്റെ പണി ഈ മാസം തന്നെ പൂര്‍ത്തിയാക്കുമെന്ന് പിഡബ്ല്യുഡി ഷൊര്‍ണൂര്‍ ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കരാര്‍ പ്രകാരം പട്ടാമ്പി-പുലാമന്തോള്‍ റോഡ് നവീകരണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ സെപ്റ്റംബര്‍ വരെ സമയം ഉണ്ടെന്നും എന്നാല്‍ ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് വേഗത്തില്‍ തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു. പണി നടക്കുന്ന റോഡിലൂടെ തന്നെ ഗതാഗതവും നടക്കുന്നത് കൊണ്ട് ഉണ്ടാകുന്ന പൊടി ശല്യം ഇടയ്ക്കിടെ വെള്ളം നനച്ചു കൊടുത്താണ് ഒഴിവാക്കുന്നത്. നവീകരണ പ്രവര്‍ത്തനങ്ങളുടെ തുടക്കം മുതല്‍ പലവിധ പ്രശ്‌നങ്ങളും ഉയര്‍ന്നുവന്നതിനാലാണ് റോഡ് പണി മന്ദഗതിയില്‍ ആകുന്നത്. റോഡിന്റെ ദുര്‍ഘടാവസ്ഥയും പൊടിശല്യവും സംബന്ധിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.