* മനുഷ്യമനസിൽ ജീവിതമൂല്യങ്ങൾ സന്നിവേശിപ്പിക്കാൻ സിനിമകൾക്കാകണം- മന്ത്രി കെ.കെ. ശൈലജ
മനുഷ്യമനസിലെ ജീർണതകൾ മാറ്റാനാകുംവിധം ജീവിതമൂല്യങ്ങൾ സന്നിവേശിപ്പിക്കാൻ സിനിമ പോലുള്ള മാധ്യമങ്ങൾക്കാകണമെന്ന് ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അഭിപ്രായപ്പെട്ടു. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് രാജ്യാന്തര ബാല ചലച്ചിത്രമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
വിനോദ ഉപാധിയാണെങ്കിലും ആസുരത മനസിലേക്ക് എത്തിക്കാതിരിക്കാനെങ്കിലും സിനിമകൾ ശ്രദ്ധിക്കണം. അക്കാര്യത്തിൽ സാംസ്‌കാരികലോകത്തിന്റെയാകെ മുൻകൈവേണം. ദൃശ്യമാധ്യമങ്ങൾക്ക് സാധ്യതകൾ ഏറെയുണ്ട്. അതു മനസിലാക്കാനും നല്ലതും ചീത്തയും വിശകലനം ചെയ്യാനും ചലച്ചിത്രമേള കുട്ടികളെ സഹായിക്കും. കഴിഞ്ഞ മേളയിലും മികച്ച ഇടപെടലാണ് കുട്ടികൾ നടത്തിയത്.
കുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്നതു തടയിടേണ്ടതുണ്ട്. ഇതിന് സമൂഹത്തിൽ മാറ്റങ്ങളുണ്ടാകണം. ഇത്തരം പ്രശ്‌നങ്ങളിൽ ഇടപെടലും നടപടിയും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
വരുംതലമുറയ്ക്ക് നല്ല സിനിമകളുടെ ഉൾക്കാമ്പുകൾ ഉൾക്കൊള്ളാനുള്ള പ്രചോദനമാകും മേളയെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സംഘാടകസമിതി ചെയർമാൻ എം. മുകേഷ് എം.എൽ.എ ആമുഖപ്രഭാഷണം നടത്തി. കുട്ടികളുടെ പ്രധാനമന്ത്രി കുമാരി ദേവകി ഡി.എസ് ഫെസ്റ്റിവൽ സന്ദേശം നൽകി. സമിതി ജനറൽ സെക്രട്ടറി അഡ്വ. എസ്.പി. ദീപക് സ്വാഗതം പറഞ്ഞു.
മേയർ വി.കെ. പ്രശാന്ത്, കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ, ഫിലിം പ്രോഗ്രാമർ മോണിക്ക വാഹി, ചിൽഡ്രൻസ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ സി.ഇ.ഒ പ്രശാന്ത് പത്രോബ്, സംവിധാകൻ ടി.കെ. രാജീവ്കുമാർ, സംസ്ഥാന അവാർഡ് ജേതാവായ ബാലതാരം അബിനി ആദി, ചലച്ചിത്രതാരങ്ങളായ സുധീർ കരമന, നീരജ് മാധവ്, ഐശ്വര്യ ലക്ഷ്മി, ശിശുക്ഷേമ സമിതി വൈസ് പ്രസിഡൻറ് അഴീക്കോടൻ ചന്ദ്രൻ, ട്രഷറർ ജി. രാധാകൃഷ്ണൻ, ജോയിൻറ് സെക്രട്ടറി പി.എസ്. ഭാരതി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എം.കെ. പശുപതി, ഒ.എം. ബാലകൃഷ്ണൻ, ആർ. രാജു തുടങ്ങിയവർ സംബന്ധിച്ചു. മെയ് 16 വരെ തിരുവനന്തപുരത്ത് കൈരളി, ശ്രീ, നിള, കലാഭവൻ, ടാഗോർ തീയറ്ററുകളിലാണ് ചലച്ചിത്രമേള നടക്കുന്നത്. ‘അരുമയാണ് മക്കൾ, അവരുടെ സംരക്ഷണവും സുരക്ഷയും സമൂഹത്തിന്റെ കടമ’ എന്നതാണ് മേളയുടെ സന്ദേശം. പ്രഗത്ഭ ബാലചലച്ചിത്ര സംവിധായകർ, ബാലതാരങ്ങൾ, പിന്നണിപ്രവർത്തകർ എന്നിവർ കുട്ടികളുമായി മേളയിൽ സംവദിക്കും. ദിവസവും ഓപ്പൺഫോറവുമുണ്ട്. എല്ലാദിവസവും വൈകിട്ട് 6.30ന് ടാഗോർ തീയറ്ററിലെ പ്രദർശനം പൊതുജനങ്ങൾക്ക് സൗജന്യമായി കാണാം.
ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോർപറേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.