ഭാരത് ഭവന്റെയും സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘എക്കോസ് ഓഫ് സൈലൻസ്’ ദേശീയ മൈം ഫെസ്റ്റിവലിന് തുടക്കമായി. സാംസ്‌കാരികമന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്തു.
മനുഷ്യന്റെ ചരിത്രത്തോളം പഴക്കമുണ്ട് മൂകാഭിനയത്തിനെന്ന് അദ്ദേഹം പറഞ്ഞു. ഭാഷയും ലിപികളും രൂപപ്പെടുന്നതിന് മുമ്പ് ആശയവിനിമയത്തിന് ആംഗ്യഭാഷയാണ്. സിനിമയുടെ ഉദ്ഭവം പോലും നിശബ്ദചിത്രമായാണ്. മൂകാഭിനയത്തിന്റെ സാധ്യതകളെ സമർഥമായി ഉപയോഗിച്ചാണ് ചാർളി ചാപ്‌ളിൻ നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തത്.
അതത് നാടുകളിലെ പാരമ്പര്യവും സംസ്‌കാരവും മൂകാഭിനയത്തെ സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഭരതമുനിയുടെ നാട്യശാസ്ത്രത്തിൽ ആംഗികാഭിനയത്തെ പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഭാരതീയ നൃത്തനാടകരംഗത്ത് മുദ്രകൾക്കുള്ള പ്രാധാന്യം വലുതാണ്. കേരളത്തിന്റെ സ്വന്തം കഥകളിയിലും മൂകാഭിനയത്തിന്റെ സമ്പന്നത കാണാനാകുമെന്ന് മന്ത്രി പറഞ്ഞു.
സാംസ്‌കാരിക സെക്രട്ടറി റാണി ജോർജ് അധ്യക്ഷത വഹിച്ചു. നിരഞ്ജൻ ഗോസ്വാമി (പശ്ചിമ ബംഗാൾ), ഡോ. വൈ. സദാനന്ദ സിംഗ് (മണിപ്പൂർ), വിലാസ് ജാൻവെ (രാജസ്ഥാൻ) എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, യുവജനക്ഷേമബോർഡ് വൈസ് ചെയർമാൻ പി. ബിജു, ഭാരത് ഭവൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരായ അബ്രദിത ബാനർജി, പ്രൊഫ. മനോഹർ കെസ്‌കർ, റോബിൻ സേവ്യർ തുടങ്ങിയവർ സംബന്ധിച്ചു. ഫെസ്റ്റിവൽ 12ന് സമാപിക്കും.