മഴക്കാല പൂര്‍വ ശുചീകരണ യജ്ഞത്തില്‍ നാടും നഗരവും കൈകോര്‍ത്തപ്പോള്‍ നീങ്ങിയത് വര്‍ഷങ്ങളായി വിവിധയിടങ്ങളിലായി കെട്ടിക്കിടക്കുന്ന മാലിന്യങ്ങളാണ്. കുട്ടികളടക്കം സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രണ്ടു ദിവസങ്ങളിലായി നടന്ന യജ്ഞത്തില്‍ പങ്കാളികളായി. ഒരേ മനസോടെ കടുത്ത വേനലിനെ അവഗണിച്ചും, നാടിനെ പകര്‍ച്ച വ്യാധികളില്‍ നിന്നും മുക്തമാക്കാന്‍ ഓരോരുത്തരും പ്രയത്‌നച്ചു. ജില്ലയിലെ പഞ്ചായത്ത് , നഗരസഭാ വാര്‍ഡുകളിലാണ് തീവ്ര ശുചീകരണ യജ്ഞം പരിപാടി സംഘടിപ്പിച്ചത്. പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ തയ്യാറാക്കിയ രൂപരേഖയുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനം. മഴക്കാലത്തിന് മുന്നോടിയായി കുളങ്ങളും, തോടുകളും ശുചീകരിച്ച് പകര്‍ച്ച വ്യാധികളില്‍ നിന്നും നാടിനെ സംരക്ഷിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. അതത് പഞ്ചായത്ത്, നഗരസഭാ പ്രതിനിധികള്‍ക്ക് പുറമെ സന്നദ്ധ സംഘടനകള്‍ ,തൊഴിലുറപ്പ് തൊഴിലാളികള്‍ ,കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിത കര്‍മസേനാംഗങ്ങള്‍, യുവജന സംഘടനകള്‍, വ്യാപാരികള്‍ എന്നിവരും ശുചീകരണ യജ്ഞത്തിന്‍ പങ്കാളികളായി.വിവിധ പഞ്ചായത്തുകളിലും വാര്‍ഡുകളിലും നടന്ന പ്രവര്‍ത്തനത്തിന് അതത് പഞ്ചായത്ത് പ്രസിഡന്റുമാരും വാര്‍ഡുമെമ്പര്‍മാരും മേല്‍നോട്ടം വഹിച്ചു. കൂടാതെ വാര്‍ഡുകളിലും വീടുകളിലും കയറി ബോധവല്‍ക്കരണവും നടത്തി.
മടിക്കൈ ഗ്രാമ പഞ്ചായത്തില്‍ 15 വാര്‍ഡുകള്‍ ശുചീകരിച്ചു. ചാളക്കടവ് മൂന്നു റോഡ് വാര്‍ഡുകളില്‍ നടന്ന ശുചീകരണ യജ്ഞം പഞ്ചായത്ത് പ്രസിഡന്റ് സി. പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രവര്‍ത്തകര്‍, സ്വയം സഹായ സംഘങ്ങള്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, ഓട്ടോ റിക്ഷാ തൊഴിലാളികള്‍, വിവിധ ക്ലബ് പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കാളികളായി.
അജാനൂര്‍ ഗ്രാമപഞ്ചായത്തില്‍ 23 വാര്‍ഡുകളുടെ ശുചീകരണം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി ദാമോധരന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡുകളുടെ ശുചീകരണം പ്രവര്‍ത്തനം അതത് വാര്‍ഡു മെമ്പര്‍മാരുടെ നേതൃത്വത്തില്‍ നടന്നു.
പള്ളിക്കര ഗ്രാമപഞ്ചായത്തില്‍ ആലക്കോട് വാര്‍ഡിന്റെ ശുചീകരണ പരിപാടി പ്രസിഡന്റ് പി ഇന്ദിര ഉദ്ഘാടനം ചെയ്തു. പാക്കം – പെരിയ റോഡ് ശുചീകരണവും പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടന്നു.
ബളാല്‍ ഗ്രാമപഞ്ചായത്തിലെ 16 വാര്‍ഡുകളുടെ ശുചീകരണം രണ്ടു ദിവസങ്ങളിലായി നടത്തി.എടത്തോട് വാര്‍ഡ് ശുചീകരണം ബളാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട് നഗരസഭയില്‍ ചെയര്‍മാന്‍ വിവി രമേശന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനവും വീടുകള്‍ കയറി ഉള്ള ബോധവല്‍ക്കരണവും നടത്തി. വെസ്റ്റ് എളേരിയില്‍ പ്രസീത രാജന്റെ നേതൃത്വത്തിലും പുല്ലൂര്‍ -പെരിയ ഗ്രാമ പഞ്ചായത്തില്‍ അതത് ജനപ്രതിനിധികളുടെ നേതൃത്വത്തിലും ശുചീകരണം നടന്നു.
ശനിയാഴ്ച ആരംഭിച്ച വാര്‍ഡുതല ശുചീകരണം ഞായറാഴ്ച വൈകീട്ടോടെ സമാപിച്ചു. സര്‍ക്കാര്‍ തയ്യാറാക്കിയ രൂപരേഖയുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനം നടത്തിയത്. ഈ മാസം ഒന്‍പതിന് ജില്ലാ ഭരണകൂടം തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തിയ പാതയോര ശുചീകരണ യത്‌നം വന്‍ വിജയമായിരുന്നു. വിദ്യാര്‍ത്ഥികളും യുവജന സംഘടനകളുമടക്കം നാലായിരത്തിലധികം പേര്‍ പങ്കെടുത്ത ശുചീകരണ യജ്ഞത്തില്‍ 15 ടണ്‍ മാലിന്യമാണ് ലഭിച്ചത്.