രണ്ടാംവിള സംഭരണം ഊര്‍ജ്ജിതമായി തുടരുന്നു

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒന്നാംവിള, രണ്ടാംവിള കൃഷിയില്‍ നിന്നായി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നെല്ലുസംഭരണം നടന്നത് പാലക്കാട് ജില്ലയിലാണെന്ന് സപ്ലൈകോയുടെ മെയ് ഒമ്പത് വരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. ജില്ലയില്‍ 646കോടിരൂപയുടെ നെല്ലാണ് സംഭരിച്ചതെന്ന് പാഡി അസിസ്റ്റന്റ് മാനേജര്‍ എ.വി. സുരേഷ് കുമാര്‍ അറിയിച്ചു. ആലത്തൂര്‍, ചിറ്റൂര്‍, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, പാലക്കാട്, പട്ടാമ്പി എന്നീ ജില്ലയിലെ ആറ് താലൂക്കുകളില്‍ നിന്നായി 24,44,50,859 കിലോഗ്രാം നെല്ലാണ് സപ്ലൈകോ കര്‍ഷകരില്‍ നിന്നും ഏറ്റെടുത്തത്. സംഭരണത്തുകയിനത്തില്‍ ഇതുവരെ 461,43,72,761 രൂപ സപ്ലൈകോ കര്‍ഷകര്‍ക്ക് നല്‍കിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. സപ്ലൈകോയുടെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് കൂടുതല്‍ കര്‍ഷകര്‍ സപ്ലൈകോ മുഖേന രജിസ്ട്രേഷന്‍ നടത്തിയതും പാലക്കാട് ജില്ലയിലാണ്. 89,111 കര്‍ഷകരാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം സപ്ലൈകോ മുഖേന രജിസ്ട്രേഷന്‍ നടത്തിയത്. എണ്‍പതുശതമാനം കര്‍ഷകര്‍ക്കും സംഭരണത്തുക നല്‍കിക്കഴിഞ്ഞു. ബാക്കിയുള്ളവര്‍ക്ക് ഉടന്‍തന്നെ തുക വിതരണം ചെയ്യും. പാലക്കാട് ജില്ലാ സഹകരണ ബാങ്ക് മുഖേനയാണ് ഭൂരിഭാഗം കര്‍ഷകര്‍ക്കും സംഭരണത്തുക ലഭ്യമാക്കിയത്. സപ്ലൈകോയുമായി കരാര്‍ ഒപ്പുവെച്ചിട്ടുള്ള ദേശസാത്കൃത, കൊമേഴ്സ്യല്‍, ഷെഡ്യൂള്‍ ബാങ്കുകള്‍ മുഖേനയും സംഭരണത്തുക ലഭ്യമാക്കുന്നുണ്ട്. എന്നാല്‍ ഈ ബാങ്കുകളിലെ നടപടിക്രമങ്ങളെത്തുടര്‍ന്ന് കര്‍ഷകരിലേയ്ക്ക് തുക എത്താനുള്ള കാലതാമസമാണ് നിലവിലുള്ളതെന്നും പാഡി അസിസ്റ്റന്റ് മാനേജര്‍ അറിയിച്ചു. കര്‍ഷകരില്‍ നിന്നും 18,21,52,575 കിലോഗ്രാം നെല്ല് സംഭരിച്ച ആലപ്പുഴ ജില്ലയാണ് രണ്ടാം സ്ഥാനത്ത്. തൃശ്ശൂര്‍ ജില്ലയാണ് മൂന്നാംസ്ഥാനത്ത്. 8,43,44,903 കിലോഗ്രാം നെല്ലാണ് കര്‍ഷകരില്‍ നിന്നും ഏറ്റെടുത്തത്. ഒന്നാംവിള, രണ്ടാംവിള കൃഷിയില്‍ നിന്നായി സംസ്ഥാനത്ത് മൊത്തം 64,61,39,495 കിലോഗ്രാം നെല്ലാണ് സപ്ലൈകോ കര്‍ഷകരില്‍ നിന്നും ഇതുവരെയായി ഏറ്റെടുത്തത്. സര്‍ക്കാര്‍ സഹകരണ ബാങ്കുകള്‍ മുഖേനയും മറ്റ് ബാങ്കുകള്‍ വഴിയുമായി സംസ്ഥാനത്ത് ഇതുവരെ 9,19,86,96,338 രൂപ കര്‍ഷകര്‍ക്ക് നല്‍കിക്കഴിഞ്ഞു. രണ്ടാംവിള കൃഷിയുടെ നെല്ല് സംഭരണവും സംഭരണത്തുക വിതരണവും അവസാനഘട്ടത്തിലാണെന്നും മെയ് അവസാനത്തോടെ ഇത് പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.