സമഗ്ര ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തുന്ന മഴക്കാല പൂര്‍വ്വശുചീകരണത്തില്‍ പൈവളിഗെ ഗ്രാമപഞ്ചായത്തിലെ പാതയോരങ്ങള്‍ മാലിന്യമുക്തമായി. ഇരുട്ടിന്റെ മറവില്‍ പഞ്ചായത്തിലെ പാതയോരങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് പതിവായിരുന്നു. 11,12 തിയ്യതികളില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ പഞ്ചായത്തിന്റെ വിവിധയിടങ്ങളില്‍ മാലിന്യം നീക്കം ചെയ്തു. ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം 13 ാം വാര്‍ഡില്‍ പഞ്ചായത്ത് പ്രസിഡന്റ് ഭാരതി ജെ ഷെട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ പരിധിയില്‍പെട്ട തോട്ടങ്ങളിലും ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി. കമുകിന്റെ പാളയില്‍ കെട്ടിക്കിടക്കുന്ന വെള്ളം കര്‍ഷകരുടെ സഹായത്തോടെ നീക്കം ചെയ്തു. വാര്‍ഡ് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, തൊഴിലുറപ്പു തൊഴിലാളികള്‍, ഓട്ടോ ഡ്രൈവര്‍മാര്‍, വിവിധ ക്ലബ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.