മാലിന്യത്തില്‍ മുക്തി നേടാന്‍ സംഘടിപ്പിച്ച ശുചീകരണ യജ്ഞത്തില്‍ നീലേശ്വരം നഗരസഭയും പങ്കാളിയായി. കഴിഞ്ഞ രണ്ട് ദിവസമായി വലുപ്പ ചെറുപ്പമില്ലാതെ നഗരസഭയിലെ പൊതുജനങ്ങളും ജനപ്രതിനിധികളും ഒറ്റക്കെട്ടായി ശുചീകരണത്തിന്റെ തിരക്കിലാണ്. നഗരസഭയിലെ പകുതിയോളം വാര്‍ഡുകള്‍ ശനിയാഴ്ച തന്നെ ശുചീകരിച്ചു. ഞായറാഴ്ച മറ്റുള്ള വാര്‍ഡികളും ശുചീകരിച്ചു
വീടുകളുടെയും സ്‌കൂളുകളുടെയും ചുറ്റുമുള്ളതും, റോഡുകള്‍ക്കിരുവശമുളളതുമായ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു. ചപ്പ് ചവറുകള്‍ മാറ്റി. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ശുചിത്വത്തെക്കുറിച്ച് ബോധവത്ക്കരണം നല്‍കി . ഭക്ഷണ മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കാനും ഇവര്‍ മറന്നില്ല.
നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ കെ പി ജയരാജന്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍ തുടങ്ങിയ ജനപ്രതിനിധികള്‍ ഉള്‍പ്പടെ നീലേശ്വരം താലൂക്ക് ആശുപത്രിയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പത്മനാഭന്‍ , കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ , തൊഴിലുറപ്പ് തൊഴിലാളികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
നീലായിലെ പൊതുകിണര്‍ ശുചീകരിച്ചു. തെങ്ങോലകളും ഇലകളും വീണ് നശിച്ചിരുന്ന ഈ കിണറിലെ മാലിന്യങ്ങള്‍ എല്ലാം നീക്കി. ഇനി സമീപത്തെ 15 കുടുംബങ്ങള്‍ക്ക് കുളിക്കാനും അലക്കാനും കൃഷി ആവശ്യത്തിനും ഈ കിണറിനെ ആശ്രയിക്കാം . ശനിയാഴ്ച പാലാഴി കമ്യൂണിറ്റി ഹാളിന് സമീപമുള്ള കിണറും ശുചീകരിച്ചിരുന്നു. കൂടാതെ പൊതുസ്ഥലങ്ങള്‍ , ഓടകള്‍ , തോടുകള്‍ തുടങ്ങിയവയും ശുചീകരിച്ചു.ശുചീകരണയത്‌നത്തില്‍ മാതൃക തീര്‍ത്തിരിക്കുകയാണ് നീലേശ്വരക്കാര്‍