ശബരിമല: നാട്ട രാഗത്തിൽ ജയൻ ഏന്തയാറും അരുൺ കങ്ങഴയും ഭജശാസ്താരം, ഭജപൂർവാരം കീർത്തനങ്ങൾ പാടിയവസാനിച്ചപ്പോൾ രാജേഷ് മണിമലയെന്ന ചിത്രകാരന്റെ കാൻവാസിൽ അയ്യപ്പന്റെ ചിത്രം പൂർത്തിയായി. പാട്ടും ചിത്രവും കൊണ്ട് അയ്യന് അവർ കാണിക്കയർപ്പിച്ചു.
സന്നിധാനത്തെ ശ്രീശാസ്താ ഓഡിറ്റോറിയത്തിൽ ധ്യാനശ്ലോകങ്ങൾക്കും കീർത്തനങ്ങൾക്കും രാഗങ്ങൾക്കും അനുസരിച്ച് ചിത്രം വരച്ച് സംഗീത-ചിത്ര സമന്വയം തീർത്തപ്പോൾ അയ്യപ്പഭക്തർക്കത് നവ്യാനുഭവമായി.
ധ്യാനശ്ലോകങ്ങളും കീർത്തനങ്ങളും പാടിത്തീരുമ്പോൾ ശ്ലോക-കീർത്തന സ്തുതിയിലുള്ള ദൈവത്തിന്റെ ചിത്രം രാജേഷ് പൂർത്തീകരിക്കും. ഇങ്ങനെ ഗണപതിയുടെയും സരസ്വതിയുടെയും ദുർഗാ ദേവിയുടെയും പരമശിവന്റെയും ശ്രീകൃഷ്ണന്റെയും വാങ്മയ ചിത്രങ്ങളാണ് നിമിഷ നേരങ്ങൾക്കുള്ളിൽ പാട്ടിനൊപ്പം പിറന്നത്.
ജയൻ ഏന്തയാറും അരുൺ കങ്ങഴയും സംഗീതം ഉപാസനയാക്കിയവരാണ്. ചിത്രകാരനായ രാജേഷ് മണിമല ക്രൈംബ്രാഞ്ചിൽ സീനിയർ സിവിൽ പൊലീസ് ഓഫീസറാണ്. പൊലീസിനുവേണ്ടി രേഖാചിത്രങ്ങൾ വരയ്ക്കുന്നു. മൃദംഗത്തിലൂടെ പത്തനംതിട്ട കളക്ടറേറ്റിലെ ജൂനിയർ സൂപ്രണ്ട് മല്ലപ്പള്ളി ജി. ആനന്ദും വയലിനിലൂടെ സോഫ്റ്റ് വെയർ എൻജിനീയറായ ഇരവിപേരൂർ ഹരികുമാറും പക്കവാദ്യമൊരുക്കി.
ചിറക്കടവ് മഹാദേവ ക്ഷേത്രത്തിൽ 12 മണിക്കൂർ തുടർച്ചയായി അഖണ്ഡ സംഗീത-ചിത്രസമന്വയം തീർത്തിരുന്നു ഇവർ. ജയൻ ഏന്തയാറും രാജേഷ് മണിലയുമടങ്ങുന്ന സംഘം ഇതാദ്യമായാണ് സന്നിധാനത്ത് പരിപാടി അവതരിപ്പിക്കുന്നത്. ഇരുപത്തിയഞ്ചാം വേദിയായിരുന്നു സന്നിധാനത്തേത്. പനച്ചിക്കാട് ദക്ഷിണമൂകാംബിക ക്ഷേത്രത്തിലും വിവിധ ക്ഷേത്രങ്ങളിലും സംഗീത-ചിത്ര സമന്വയം തീർത്തിട്ടുള്ള ഇവർ ഈ മേഖലയിൽ പുതിയ പരീക്ഷണങ്ങൾക്ക് തയാറെടുക്കുകയാണ്. സ്വാമി സന്നിധിയിൽ പാടി ചിത്രം വരയ്ക്കാനായത് ജന്മപുണ്യമാണെന്ന് ഇവർ പറയുന്നു.