ജനാധിപത്യ പ്രക്രിയയെ കുറിച്ച് കുട്ടികളില്‍ അവബോധം വളര്‍ത്തുന്നതിന് ബാലസഭാ അംഗങ്ങള്‍ക്കായി കുടുംബശ്രീ ജില്ലാമിഷന്‍ സംഘടിപ്പിച്ച ബാലപാര്‍ലമെന്റ് കുട്ടികളുടെ അവകാശ സംരക്ഷണത്തിന്റെ ആവശ്യകത വിളിച്ചോതുന്ന വേദിയായി മാറി. കോഴിക്കോട് ജില്ലാപഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ ജില്ലയിലെ വിവിധ സി.ഡി.എസുകളെ പ്രതിനിധീകരിച്ച് 60 ഓളം കുട്ടികള്‍ പങ്കെടുത്ത പരിപാടി പൗരാവകാശങ്ങളെ കുറിച്ചും ഇന്ത്യന്‍ ജനാധിപത്യ ഭരണ സംവിധാനങ്ങളെ കുറിച്ചും അവബോധം വളര്‍ത്താന്‍ സഹായിച്ചു. കലാകായികം, പരിസ്ഥിതി, ആരോഗ്യം, വിദ്യാഭ്യാസം എന്നീ വിഷയങ്ങളിലെ നടപടിക്രമങ്ങളും ചോദ്യോത്തരങ്ങളും ജില്ലാപാര്‍ലമെന്റില്‍ അവതരിപ്പിച്ചു. കുറിക്ക്‌കൊള്ളുന്ന ചോദ്യങ്ങളുമായി അംഗങ്ങളും ഉരുളക്ക് ഉപ്പേരി കണക്കെ മറുപടികളുമായി മന്ത്രിമാരും വേദി കയ്യടക്കി.
പ്രസിഡണ്ടിന്റെ നയപ്രഖ്യാപനത്തോടെ ആരംഭിച്ച ബാലപാര്‍ലമെന്റ് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങും ചോദ്യോത്തരവേളയും അടിയന്തിര പ്രമേയാനുമതിയും ചര്‍ച്ചയും കുട്ടികള്‍ നന്നായി അവതരിപ്പിച്ചു. ജില്ലാപാര്‍ലമെന്റില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 10 കുട്ടികള്‍ മെയ് 21, 22 തിയ്യതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ബാലപാര്‍ലമെന്റില്‍ പങ്കെടുക്കും.