ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഉദ്യോഗസ്ഥര്‍ക്കുള്ള പ്രായോഗിക പരിശീലനം ആരംഭിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനം ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു ഉദ്ഘടാനം ചെയ്തു. തൃക്കരിപ്പൂര്‍ ഉപവരണാധികാരിയായ ഡെപ്യൂട്ടി കളക്ടര്‍(ആര്‍ ആര്‍) പി ആര്‍ രാധിക അധ്യക്ഷത വഹിച്ചു.
രാവിലെയും ഉച്ചയ്ക്കുമായി രണ്ട് സെഷനുകളിലായാണ് പരിശീലനം നടന്നത്. ഒരു മണിക്കൂര്‍ ക്ലാസിന് ശേഷം ഉദ്യോഗസ്ഥരെ പത്തു ഗ്രൂപ്പുകളായി തിരിച്ചായിരുന്നു പ്രായോഗിക പരിശീലനം നല്‍കിയത്. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍, വിവിപാറ്റുകള്‍ എന്നിവ പരിശീലന ഹാളില്‍ സജ്ജീകരിച്ചിരുന്നു. വോട്ടെണ്ണല്‍ കേന്ദ്രത്തിലുള്ള അതേ മാതൃകയിലായിരുന്നു വോട്ടിങ് സാമഗ്രികള്‍ ക്രമീകരിച്ചിരുന്നത്. പ്രായോഗിക പരിശീലനത്തിന് ശേഷം സംശയനിവാരണം നടത്തി. ട്രെയ്‌നിങ് നോഡല്‍ ഓഫീസര്‍ കെ വിനോദ്കുമാര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍ എന്നിവര്‍ക്കാണ് പരിശീലനം നല്‍കിയത്. രണ്ട് സെഷനുകളിലായി 207 പേര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. ഇന്നു (മെയ് 18) രാവിലെ 9.30ന് നടക്കുന്ന മൂന്നാം സെഷന്‍ പരിശീലനത്തില്‍ 103 പേര്‍ പങ്കെടുക്കും. വോട്ടെണ്ണലിനുള്ള 155 മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്കുള്ള പരിശീലനം ഈ മാസം 21 ന് രാവിലെ 9.30നും നടക്കും.