2018 ജനുവരി ഒന്ന് മുതല്‍ സബ്‌സിഡി നിരക്കില്‍ ലഭിക്കുന്ന രാസവളങ്ങള്‍ പി.ഒ.എസ്. മെഷീന്‍ വഴി മാത്രമേ ലഭിക്കുകയുള്ളൂ. യൂറിയ, സിംഗിള്‍ സൂപ്പര്‍ ഫോസ്‌ഫേറ്റ്, എന്‍.പി.കെ. കോംപ്ലക്‌സ് വളങ്ങള്‍, ഡൈ അമോണിയം ഫോസ്‌ഫേറ്റ്, മ്യൂറേറ്റ് ഓഫ് പൊട്ടാഷ് (എം.ഒ.പി) എന്നിവയും സിറ്റി കംപോസ്റ്റും, ചെറുകിട വ്യാപാരികള്‍ പി.ഒ.എസ് മെഷീന്‍ വഴി മാത്രമേ ഇനി വില്‍ക്കാന്‍ പാടുള്ളൂ. കര്‍ഷകര്‍ ആധാര്‍ കാര്‍ഡുമായെത്തി വിരലടയാളം പതിച്ചാണ് വളം വാങ്ങേണ്ടത്.
ഡിസംബര്‍ 23 ന് ചെറുകിട വ്യാപാരികള്‍ പി.ഒ.എസ് മെഷീനും സ്റ്റോക്ക് രജിസ്റ്ററുമായി കൃഷി ഓഫീസറെ കണ്ട് അന്നത്തെ ക്ലോസിംഗ് സ്റ്റോക്ക് സാക്ഷ്യപ്പെടുത്തണമെന്നും അറിയിപ്പിലുണ്ട്. ഡിസംബര്‍ 24 അര്‍ധരാത്രി പി.ഒ.എസ്. മെഷീനിലെ സ്റ്റോക്ക് പൂജ്യം ആവുകയും 25 മുതല്‍ 27 നുള്ളില്‍ വ്യാപാരികള്‍ നിശ്ചയിച്ചിട്ടുള്ള കേന്ദ്രങ്ങളിലെത്തി മെഷീനില്‍ സ്റ്റോക്ക് പുതുക്കി രേഖപ്പെടുത്തുകയും വേണം.
ചെറുകിട വ്യാപാരികള്‍ / പി.ഒ.എസ് ഉപഭോക്താവ് സ്റ്റോക്ക് രജിസ്റ്റര്‍, പി.ഒ.എസ് മെഷീന്‍, ആധാര്‍ കാര്‍ഡ്, എം.എഫ്.എം.എസ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം ഹാജരാകണം. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശമാണിതെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് കൃഷി ഓഫീസുമായി ബന്ധപ്പെടണമെന്നും ജില്ലാ കൃഷി ഓഫീസര്‍ അറിയിച്ചു.