സാങ്കേതികജ്ഞാനം മാത്രമല്ല മാനുഷികവശം കൂടി ചേർന്നാണ് മികച്ചൊരു സാങ്കേതികവിദഗ്ദ്ധനെ സൃഷ്ടിക്കുന്നതെന്ന് സംവിധായകൻ ടി.കെ.രാജീവ് കുമാർ. വീഡിയോ എഡിറ്റിങ് അടക്കമുള്ള സങ്കേതങ്ങൾക്ക് ഇതു ബാധകമാണ്. കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ പുതിയതായി ആരംഭിച്ച വീഡിയോ എഡിറ്റിങ് കോഴ്‌സിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള മനുഷ്യരുമായി ഇടപെട്ടാൽ മാത്രമേ തങ്ങളുടെ കഴിവുകൾ വികസിപ്പിക്കാൻ കഴിയൂ എന്ന് എഡിറ്റിങ് വിദ്യാർത്ഥികൾ മനസ്സിലാക്കണമെന്ന് രാജീവ് കുമാർ നിർദ്ദേശിച്ചു. ദൈനംദിന ജീവിതത്തിൽ നമ്മളെല്ലാം ഒരു എഡിറ്ററുടെ ജോലികൾ ചെയ്യുന്നുണ്ട്. അതിനാൽത്തന്നെ ജീവിതവുമായി ഏറ്റവും അടുത്തുനിൽക്കുന്ന സങ്കേതമാണത്. ഒരു സിനിമയെ സംബന്ധിച്ചിടത്തോളവും ഏറ്റവും പ്രധാനപ്പെട്ട രണ്ട് സങ്കേതങ്ങളിലൊന്നായി എഡിറ്റിങ്ങിനെ കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തിരക്കഥ തയ്യാറായിക്കഴിഞ്ഞാൽ ഒരു സിനിമയുടെ പ്രീപ്രൊഡക്ഷൻ ജോലികളുടെ ഭാഗമായി ആദ്യം ചർച്ച നടത്തുന്നത് എഡിറ്ററുമായും സംഗീത സംവിധായകരുമായാണ്.
കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു അദ്ധ്യക്ഷനായിരുന്നു. അക്കാദമി സെക്രട്ടറി കെ.മോഹനൻ, അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഡോ.എം.ശങ്കർ, വീഡിയോ എഡിറ്റിങ് കോഴ്‌സ് കോ-ഓർഡിനേറ്റർ ടി.ആർ.അജയകുമാർ തുടങ്ങിയവർ സംബന്ധിച്ചു.