അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷത്തിന്റെ ഭാഗമായി തുറമുഖ, മ്യൂസിയം, മൃഗശാല വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നേപ്പിയർ മ്യൂസിയം സന്ദർശിച്ചു.  മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ എസ്. അബു സന്ദർശനത്തിൽ ആതിഥേയത്വം വഹിച്ചു.  ഇന്ത്യൻ മഹാരാജ്യത്തിന്റെ ചരിത്രസംസ്‌കൃതിയുടെ സാക്ഷ്യങ്ങളാണ് മ്യൂസിയങ്ങളെന്നും പുതിയ തലമുറയറിഞ്ഞിരിക്കേണ്ട നിരവധി സത്യവസ്തുക്കളുടെ ഉറവിടമാണ് ഇത്തരം സ്ഥാപനങ്ങളെന്നും മന്ത്രി സന്ദർശന പുസ്തകത്തിൽ രേഖപ്പെടുത്തി.
ദിനാചരണത്തോടനുബന്ധിച്ച് 26 വരെ മ്യൂസിയം ശേഖരത്തിൽ സൂക്ഷിച്ചിരിക്കുന്ന വെങ്കലത്തിലുള്ള പാക്കുവെട്ടി, ചുണ്ണാമ്പുപെട്ടി, വെങ്കല ചീർപ്പുകൾ, കോളാമ്പി, ലോഹവിളക്കുകൾ തുടങ്ങിയവയുടെ താൽക്കാലിക പ്രദർശനം മ്യൂസിയത്തിൽ നടക്കുന്നുണ്ട്.  അവധിക്കാല സമയമായതിനാൽ സന്ദർശകരുടെ തിരക്ക് ഇപ്പോൾ കൂടുതലാണെന്ന് ആർട്ട് മ്യൂസിയം ആന്റ് ആർട്ട് ഗാലറി സൂപ്രണ്ട് പി.എസ് മഞ്ജുളാദേവി അറിയിച്ചു.