മുളന്തുരുത്തി: കീച്ചേരി സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലേയ്ക്ക് എത്തുന്ന ആര്‍ക്കും ആ വ്യത്യാസം ആദ്യം തന്നെ തോന്നും. വൃത്തിയും വെടിപ്പുമുള്ള പരിസരം, ആശുപത്രിയുടെ ഏത് ഭാഗത്ത് എത്തിയാലും കൃത്യമായ സൂചനകള്‍ നല്‍കുന്ന  ബോര്‍ഡുകളും ബാനറുകളും. സൂക്ഷമമായി പരിശോധിച്ചാല്‍ പോലും ഒരു കുറ്റം ചൂണ്ടിക്കാട്ടാന്‍ സാധിക്കാത്ത അവസ്ഥ. ഈ അവസ്ഥയാണ് സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന് ദേശീയ നിലവാര അംഗീകാരമായ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേഡ് നേടിക്കൊടുത്തത്. ഈ അംഗീകാരം ഒരു ദിവസം പെട്ടെന്ന് സംഭവിച്ചതുമല്ല. ആരോഗ്യകേന്ദ്രത്തിലെ ഓരോ ജീവനക്കാരുടെയും രണ്ട് വര്‍ഷത്തെ കഠിന പ്രയത്‌നത്തിനൊടുവിലാണ് ഈ സ്വപ്‌ന സാക്ഷാത്കാരം.

ഈ അംഗീകാരം നേടുന്ന സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങള്‍ക്ക് പ്രതിവര്‍ഷം കിടക്ക ഒന്നിന് പതിനായിരം രൂപ വീതം ഇന്‍സെന്റീവായി ലഭിക്കും. 25 കിടക്കകളുള്ള കീച്ചേരി സാമൂഹ്യആരോഗ്യ കേന്ദ്രത്തിന് ഇനിമുതല്‍ ഒരോ വര്‍ഷവും ഈ നേട്ടത്തോടെ 2.50 ലക്ഷം രൂപ ഇന്‍സെന്റീവായി ലഭിക്കും. നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേഡ് നേടുന്നതിനായി ആദ്യം ബന്ധപ്പെട്ട സ്ഥാപനം അപേക്ഷ നല്‍കണം. തുടര്‍ന്ന് മൂന്ന് തലങ്ങളിലായി പരിശോധന നടക്കും. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ദേശീയ തലത്തിലുമാണ് ഈ പരിശോധനകള്‍. ഓരോ തലത്തിലും നിശ്ചിത മാര്‍ക്ക് കരസ്ഥമാക്കിയാല്‍ മാത്രമേ ഈ കടമ്പ കടക്കുവാന്‍ സാധിക്കുകയുള്ളൂ.

ദേശീയ പരിശോധനാ മാനദണ്ഡങ്ങളില്‍ 100 ല്‍ 88 സ്‌കോറുമായാണ് കീച്ചേരി അംഗീകാരത്തിന് അര്‍ഹതനേടിയത്. ഈ അര്‍ഹത നേടിയ സംസ്ഥാനത്തെ മൂന്ന് സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങളിലൊന്ന് കീച്ചേരിയാണ്. ജില്ലയില്‍ പണ്ടപ്പിള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രം നേരത്തെ ഈ അംഗീകാരം നേടിയിട്ടുണ്ട്.
രോഗികള്‍ക്കുള്ള സേവനങ്ങള്‍, മരുന്നുകളുടെ ലഭ്യതയും വിതരണവും, ക്ലിനിക്കല്‍ സേവനങ്ങള്‍, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, അത്യാഹിത വിഭാഗം, ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ കേന്ദ്രത്തിലെ പൊതുഭരണ വിഭാഗം, ഇതര സേവനങ്ങള്‍ എന്നിവയില്‍ പരിശോധനാ സമിതി നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പരിപാലിക്കുന്നുവെന്ന് ഉറപ്പാക്കിയാണ് അംഗീകാരം നല്‍കുന്നത്. ഇതിനായി ഓരോ വിഭാഗത്തിനും നൂറ് കണക്കിന് നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതായിട്ടുണ്ട്.

ഓരോ വിഭാഗം ജീവനക്കാരും വിവിധ രംഗങ്ങളിൽ പ്രത്യേകം പരിശീലനവും നേടി. ഉദാഹരണത്തിന് ശുചീകരണ വിഭാഗത്തിലെയോ അത്യാഹിത വിഭാഗത്തിലെയോ ജീവനക്കാര്‍ കയ്യുറ ധരിക്കുകയും അത് ഊരിമാറ്റുകയും ചെയ്യുന്നത് അവരുടെ സാധാരണ ജോലികളുടെ‍ ഭാഗമായി സംഭവിക്കുന്ന കാര്യമാണ്. തീര്‍ത്തും സ്വാഭാവികമായി ചെയ്യുന്ന ഈ പ്രവര്‍ത്തിയില്‍ പോലും നിശ്ചിത മാനദണ്ഡങ്ങള്‍ പുലര്‍ത്തി നിഷ്‌കര്‍ഷിച്ചിട്ടുള്ള വിധത്തില്‍ പരിശീലനം നേടേണ്ടതുണ്ട് നാഷണല്‍ ക്വാളിറ്റി അംഗീകാരം ലഭിക്കുന്നതിനായി. ഇത്തരത്തില്‍ ആശുപത്രിയുടെ വിവിധ സേവന വിഭാഗങ്ങളെ തരം തിരിച്ച് ഓരോ പ്രവൃത്തിയിലും കൃത്യമായ പരിശീലനം നല്‍കിയിട്ടുണ്ട്.

രണ്ട് വര്‍ഷം മുന്‍പ് അന്നത്തെ മെഡിക്കല്‍ ഓഫീസറായിരുന്ന ഡോക്ടര്‍ വിപിന്‍ മോഹനാണ് അംഗീകാരത്തിനായി അപേക്ഷിക്കുന്നതും പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതുമെന്ന് കീച്ചേരി മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സീന എന്‍.എസ് പറഞ്ഞു. ജീവനക്കാരുടെ ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായാണ്  പുരസ്‌കാരം നേടാന്‍ സാധിച്ചതെന്നും മെഡിക്കല്‍ ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു.

കോട്ടയം, എറണാകുളം ജില്ലകളുടെ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന കീച്ചേരി സാമൂഹ്യ ആരോഗ്യകേന്ദ്രം പതിനായിരങ്ങള്‍ ആശ്രയിക്കുന്ന സ്ഥാപനമാണ്. എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍, എടയ്ക്കാട്ടുവയല്‍, മുളന്തുരുത്തി പഞ്ചായത്തുകളിലെ ജനങ്ങളും കോട്ടയം ജില്ലയിലെ വെള്ളൂര്‍ പഞ്ചായത്തിലെയും ബ്രഹ്മമംഗലം പ്രദേശത്തെയും ജനങ്ങള്‍ ഇവിടെ ചികിത്സയ്ക്കായി എത്തുന്നുണ്ട്.

ക്യാപ്ഷന്‍
നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേഡ് അംഗീകാരം നേടിയ കീച്ചേരി സാമൂഹ്യ ആരോഗ്യകേന്ദ്രം.