ലോക്‌സഭാതെരഞ്ഞെടുപ്പ് വോട്ടെണ്ണുന്നതിന്റെ ട്രയല്‍ റണ്‍ വരണാധികാരിയായ ജില്ലാ കലക്ടര്‍ സാംബശിവറാവുവിന്റെ നേതൃത്വത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രമായ വെളളിമാട്കുന്ന് ജെ.ഡി.ടി യില്‍ നടത്തി. ഓരോ വോട്ടിംഗ് മെഷിനിലെയും ഓരോ റൗണ്ടിലേയും എണ്ണിയ വോട്ടുകള്‍ ട്രെന്‍ഡ്, സുവിധ എന്നീ വെബ്  ആപ്‌ളിക്കേഷനുകളില്‍ യഥാസമയം അപ്‌ഡേറ്റ് ചെയ്യുന്ന രീതിയാണ് ട്രയല്‍ റണ്ണില്‍ പരിശോധിച്ചത്. വരണാധികാരിയുടെ നേതൃത്വത്തില്‍ കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ 14 ഉപവരണാധികാരികളും അവരുടെ കൗണ്ടിംഗ് ഹാളുകളില്‍ നിന്ന് വോട്ടു കണക്കുകള്‍ സുവിധ, ട്രെന്റ് എന്നിവയിലേക്ക് എന്റര്‍ ചെയ്തു. വരണാധികാരി ഇതിന് മേല്‍നോട്ടം വഹിക്കുകയും പ്രക്രിയ നിരീക്ഷിച്ച് ആവശ്യമായ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. മെയ് 23 ന് വോട്ടെണ്ണല്‍ പ്രക്രിയ സുഗമമായി നടക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്കുളള പ്രായോഗിക പരിശീലനം കൂടിയായി ട്രയല്‍ റണ്‍. വോട്ടിംഗ് മെഷീന്‍ ഉപയോഗിക്കാതെ ഓരോ സ്ഥാനാര്‍ത്ഥിക്കും നേരത്തെ തയ്യാറാക്കി വെച്ച കണക്കുകള്‍ പ്രകാരം ഡാറ്റ എന്റര്‍ ചെയ്താണ് ട്രയല്‍ നടത്തിയത്.