സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് നടപടികൾ വിജയകരമായി പൂർത്തിയാക്കാൻ സഹായിച്ച എല്ലാവരെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ നന്ദി അറിയിച്ചു. ജനാധിപത്യപ്രക്രിയയുടെ ആകെ വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രക്രിയ സമാധാനപരമായ അന്തരീക്ഷത്തിലാണ് നടത്താനായത്. നിഷ്പക്ഷവും സ്വതന്ത്രവും നീതിപൂർവവുമായി തിരഞ്ഞെടുപ്പ് പൂർത്തിയാക്കാനായത് സന്തോഷകരമാണ്. സമാധാനപരമായ അന്തരീക്ഷത്തിലായിരുന്നു 20 പാർലമെൻറ് മണ്ഡലങ്ങളിലും വോട്ടെണ്ണൽ നടപടികളും പൂർത്തിയായത്.
ഈ മഹാസംരംഭത്തോട് സഹകരിച്ച എല്ലാ ഉദ്യോഗസ്ഥർക്കും, പ്രത്യേകിച്ച് ജില്ലാതലത്തിൽ പ്രവർത്തിച്ച റിട്ടേണിംഗ് ഓഫീസർമാരായ ജില്ലാ കളക്ടർമാർ, അവരുടെ കീഴിൽ പ്രവർത്തിച്ച ജീവനക്കാർ എന്നിവർക്കും സംസ്ഥാന പോലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിച്ച എല്ലാ ജില്ലാ പോലീസ് മേധാവികൾക്കും ടീമംഗങ്ങൾക്കും സംസ്ഥാന സർക്കാരിനും രാഷ്ട്രീയകക്ഷി നേതാക്കൾക്കും അവരുടെ പ്രവർത്തകർക്കും അദ്ദേഹം നന്ദി അറിയിച്ചു.
ആവേശത്തോടും ഉത്സാഹത്തോടും പങ്കാളികളായ പൊതുജനങ്ങളാണ് ഏറ്റവും കൂടുതൽ അഭിനന്ദനം അർഹിക്കുന്നത്. ഈ പ്രക്രിയയുടെ ശക്തിയും വിജയവും ജനകീയ പങ്കാളിത്തമാണ്. 30 വർഷത്തെ ഏറ്റവും മികച്ച വോട്ടിംഗ് ശതമാനത്തിലേക്ക് എത്താനായതും ഇതുകാരണമാണ്.
അച്ചടി, ദൃശ്യമാധ്യമ സുഹൃത്തുക്കളുടെ സഹകരണവും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ അഭിഭാജ്യഘടകമായിരുന്നു. സമയാസമയങ്ങളിൽ എല്ലാ വിവരങ്ങളും പൊതുജനങ്ങളിലെത്തിക്കാൻ മാധ്യമങ്ങൾ നൽകിയ സഹകരണത്തിന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ എന്ന നിലയ്ക്കുള്ള നന്ദി അറിയിക്കുന്നു.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലെ പ്യൂൺ മുതൽ അഡീ. സി.ഇ.ഒ വരെയുള്ള ജീവനക്കാരുടെ രാവും പകലും ഉൾപ്പെടെ പ്രതിബദ്ധതയോടെ ടീം വർക്കായി പ്രവർത്തിച്ചു. ഇത്രയും പ്രതിബദ്ധതയും കഠിനാധ്വാനവുമുള്ള ടീമിന് നേതൃത്വം നൽകാനായത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.