സമ്പൂര്‍ണ്ണ സീറോ വേസ്റ്റ് ജില്ലയായി കോഴിക്കോട് മാറണമെങ്കില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഒറ്റക്കെട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്ന് തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ജില്ലയില്‍ ജലസംഭരണം, പൊതുജനാരോഗ്യ സംരക്ഷണം, മാലിന്യനിര്‍മ്മാര്‍ജ്ജനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്ന ശുചിത്വ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പകര്‍ച്ച വ്യാധികളും മറ്റ് രോഗങ്ങളും ഉ•ൂലനം ചെയ്യുന്നതിനായും ശുചിത്വ പൂര്‍ണ്ണമായ പരിസരം ഉറപ്പു വരുത്താനായും എം.സി.എഫ്, എം.ആര്‍.എഫ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഖര പാഴ്‌വസ്തു സംസ്‌ക്കരണ പ്ലാന്റുകളുടെ പ്രവര്‍ത്തനവും ഈര്‍ജസ്വലമാക്കണമെന്നും അദ്ദേഹം പറഞ്ഞു.  പ്ലാനിംഗ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ സീറാം സാംബശിവറാവു മുഖ്യപ്രഭാഷണം നടത്തി. ജില്ലാഭരണകൂടം വിവിധ വകുപ്പുകളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.
ജില്ലയെ മാലിന്യമുക്തമാക്കാനുള്ള നൂതനപദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനും വിലയിരുത്തുന്നതിനുമായി എല്ലാ മാസവും 25 ന് മന്ത്രിയുടെയും തദ്ദേശ സ്ഥാപന പ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ കോണ്‍ഫറന്‍സ് നടത്തും.  സ്വച്ച് ഭാരത് മിഷന്റെ  ഭാഗമായി സീറോ വേസ്റ്റ് പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന എം.സി.എഫ്, എം.ആര്‍.എഫ് പദ്ധതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമായി ആരംഭിക്കാനുള്ള നടപടികള്‍ ശുചിത്വ കോണ്‍ഫറന്‍സിന്റെ ഭാഗമായി സ്വീകരിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് ശുചിത്വ പദ്ധതി ജില്ലയില്‍ നടപ്പിലാക്കുക.
മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവര്‍ സമര്‍പ്പിച്ച മാലിന്യ സംസ്‌കരണ പദ്ധതികള്‍ യോഗത്തില്‍ പരിശോധിച്ചു. മാലിന്യ സംസ്‌കരണ പ്ലാന്റ്,  പൊതുശൗചാലയം തുടങ്ങിയവയുടെ പുരോഗതിയും മാലിന്യ നിര്‍മ്മാര്‍ജ്ജനവും ആയി ബന്ധപ്പെട്ട പുതിയ പദ്ധതികളും ചര്‍ച്ച ചെയ്തു.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ജില്ലയില്‍ നടപ്പാക്കിയ ശുചിത്വ പദ്ധതികള്‍ വിലയിരുത്തിയ യോഗത്തില്‍ ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി. കബനി, അഡിഷണല്‍ ഡി.എം.ഒ ഡോ ആശാ ദേവി, ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസര്‍ ടി.അഫ്‌സത്ത്, ഡോ.പ്രമോദ് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.   ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം.എ ഷീല പദ്ധതിയെക്കുറിച്ച് സമഗ്ര അവതരണം നടത്തി.
അസി കലക്ടര്‍ മേഘശ്രീ ഡി.ആര്‍, എഡിഎം ഇ.പി മേഴ്സി, അസ്സി കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ആര്‍.എസ് ഗോപകുമാര്‍, മുനിസിപ്പാലിറ്റി ചെയര്‍മാ•ാര്‍, സെക്രട്ടറിമാര്‍, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എം.സി.എഫ്, എം.ആര്‍.എഫ് നിര്‍മ്മാണ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് ശുചിത്വ കോണ്‍ഫറന്‍സ്
എം.സി.എഫ്, എം.ആര്‍.എഫ് നിര്‍മ്മാണ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് പ്ലാനിംഗ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ശുചിത്വ കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു. മാവൂര്‍,ഏറാമല, മേപ്പയ്യൂര്‍, കുറ്റ്യാടി, ബാലുശ്ശേരി, അഴിയൂര്‍, തിരുവമ്പാടി, വടകര, കുന്നുമ്മല്‍ എന്നിവിടങ്ങളില്‍ മാത്രമേ നിലവില്‍ എം.സി.എഫ്, എം.ആര്‍.എഫ് നിര്‍മ്മാണം പൂര്‍ണ്ണമായും കഴിഞ്ഞിട്ടുള്ളൂ. എം.സി.എഫ്, എം.ആര്‍.എഫ് നിര്‍മ്മാണം കഴിഞ്ഞ പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും ഖരപാഴ് വസ്തു ശേഖരണം ഉടന്‍ ആരംഭിക്കണം. ബാക്കിയുള്ള പഞ്ചായത്തുകളും ബ്ലോക്കുകളും എം.സി.എഫ്, എം.ആര്‍.എഫ് നിര്‍മ്മാണ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തീകരിക്കണമെന്നും ഖരപാഴ് വസ്തു ശേഖരണം പൂര്‍ണ്ണമായ തോതില്‍ നടത്തണമെന്നും  എം.സി.എഫ്, എം.,ആര്‍.എഫ് നിര്‍മ്മാണ പ്രവൃത്തികളോട് പൊതുജനങ്ങള്‍  സഹകരിക്കണമെന്നും യോഗം ചര്‍ച്ച ചെയ്തു.
ജില്ലയില്‍ പകര്‍ച്ച വ്യാധികള്‍ ബാധിക്കുന്നവരുടെ എണ്ണം കുറയ്ക്കുന്നതിനും രോഗങ്ങളെ അകറ്റി നിര്‍ത്തുന്നതിനും നല്ല രീതിയിലുള്ള മാലിന്യസംസ്‌ക്കരണ സംസ്‌ക്കാരം സഹായിക്കും. ഇനിയും എം.സി.എഫ്, എം.ആര്‍.എഫ് നിര്‍മ്മാണം  വിവിധ കാരണങ്ങളാല്‍ തുടങ്ങാത്തതും വേണ്ടത്ര പുരോഗതി കൈവരിക്കാത്തതുമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉടന്‍ അതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കണം. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും, സ്റ്റാന്റിംഗ് കമ്മിറ്റികളും മുന്‍കൈ എടുത്ത്  യുദ്ധകാലടിസ്ഥാനത്തില്‍ ജലാശയങ്ങള്‍ ശുചീകരിക്കണം. ഇതിനായി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയ ശേഷം മുപ്പത് ദിവസത്തിലൊരിക്കല്‍ പഞ്ചായത്ത് തലത്തിലും 15 ദിവസത്തിലൊരിക്കല്‍ വാര്‍ഡ് തലത്തിലും യോഗങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തന പുരോഗതി വിലയിരുത്തണം.
നഗരപ്രദേശങ്ങളിലെ മാലിന്യസംസ്‌ക്കരണ രംഗത്ത് വടകര നഗരസഭ ഏറെ മുന്നോക്കം പോയിട്ടുണ്ട്. മാലിന്യസംസ്‌ക്കരണത്തിലൂടെ സാമ്പത്തികനേട്ടം എങ്ങനെ കൈവരിക്കാമെന്നതിന്റെ എടുത്തുപറയാവുന്ന മാതൃകയാണ് വടകര നഗരസഭ.  കോഴിക്കോട് കോര്‍പ്പറേഷനും കൊടുവള്ളി , പയ്യോളി നഗരസഭകളും മാലിന്യ സംസ്‌ക്കരണ രംഗത്ത് ഇനിയുമേറെ മുന്നേറാനുണ്ട്. വടകര , ഫറോക്ക് നഗരസഭകള്‍ മാത്രമാണ് പൊതുശൗചാലയങ്ങള്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചിട്ടുള്ളത്. ഫണ്ട് ലഭ്യമായിട്ടും പൊതുശൗചാലയ നിര്‍മ്മാണം ആരംഭിക്കാത്ത മറ്റ് നഗരസഭകള്‍ ഉടന്‍ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കേണ്ടതുണ്ട്.
നഗരസഭകള്‍ സമര്‍പ്പിച്ച ഖരമാലിന്യ സംസ്‌ക്കരണത്തിന്റെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് ഡി.പി.സി അംഗീകാരത്തിനായി സമര്‍പ്പിക്കേണ്ടതുണ്ട്. അടുത്ത അവലോകന യോഗത്തിന് മുമ്പായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നിലവിലുള്ള സാഹചര്യത്തില്‍ നിന്നും നിര്‍ബന്ധമായും പുരോഗതി കൈവരിക്കണമെന്ന്  ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു.