കുട്ടികളെ കൂടുതല്‍ കരുതലോടെ കാക്കണം; വനിതാകമ്മീഷന്‍
വീടിനകത്തും പുറത്തും കുട്ടികള്‍ സുരക്ഷിതരാകുന്നതിന് കൂടുതല്‍ കരുതല്‍ ആവശ്യമുണ്ടെന്ന് വനിതാ കമ്മീഷന്‍. അരക്ഷിതാവസ്ഥ നേരിടുന്ന കുട്ടികളുടെ എണ്ണം  വര്‍ദ്ധിക്കുകയാണെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള പരാതികളാണ്  ലഭിക്കുന്നതെന്ന് കോട്ടയത്ത് നടന്ന മെഗാ അദാലത്തിനു ശേഷം  സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം. സി. ജോസഫൈന്‍ പറഞ്ഞു.
പതിനെട്ടു വയസ്സുവരെ സുരക്ഷിതരായി ജീവിക്കാന്‍ അവകാശമുള്ളവരാണ് കുട്ടികള്‍. വീടുകളില്‍ ഈ അവകാശം ഉറപ്പാക്കേണ്ടത് മാതാപിതാക്കളുടെയും മറ്റ് കുടുംബാംഗങ്ങളുടേയും ചുമതലയാണ്. പഠിക്കുന്ന സ്ഥാപനങ്ങളില്‍ ഇവരുടെ സുരക്ഷ ഉറപ്പു വരുത്തേണ്ടത് അധ്യാപകരാണ്.  സുരക്ഷിത ബോധത്തോടെ ജീവിക്കാന്‍ കുട്ടികളെ സഹായിക്കേണ്ടത് പൊതുസമൂഹത്തിന്റെ കൂടി കടമയായതിനാല്‍ കുട്ടികള്‍ക്കെതിരെയുള്ള ഏത് തരം അക്രമവും നിയമപരമായി ചെറുക്കാന്‍ സമൂഹം ഒറ്റക്കെട്ടാകണം. കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിക്കാത്ത വിധത്തില്‍ പോക്‌സോ നിയമം കര്‍ശനമാക്കാന്‍ വനിതാകമ്മീഷന്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്തിവരുകയാണെന്ന് അവര്‍ പറഞ്ഞു.
പഠിക്കുകയും കളിക്കുകയും ചെയ്യേണ്ട പ്രായത്തില്‍ കുട്ടികളെ കൊണ്ട് മുതിര്‍ന്നവര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യിക്കുന്ന നടപടി ഉചിതമല്ലെന്ന് പതിനെട്ട് ദിവസം പ്രായമുള്ള കുഞ്ഞിനെ മൂത്തമകളായ  എട്ടു വയസുകാരിയെ   ഏല്‍പ്പിച്ച് പരാതി നല്‍കാന്‍ എത്തിയ യുവതിയുടെ പരാതി പരിഗണിക്കവേ കമ്മീഷന്‍ അഭിപ്രായപ്പെട്ടു. ഭര്‍തൃ വീട്ടുകാര്‍ നിരസിച്ച  പ്രസവരക്ഷ മൂത്ത മകളും തന്റെ അമ്മയും കൂടിയാണ് ചെയ്യുന്നതെന്ന യുവതിയുടെ വെളിപ്പെടുത്തലിലാണ് കമ്മീഷന്റെ ഈ പ്രതികരണം.     കുഞ്ഞിന്റെ പിതൃത്വം തെളിയിക്കണമെന്ന് ഭര്‍ത്താവിന്റെയും അമ്മായിയമ്മയുടെയും നിര്‍ബന്ധത്തിനു വഴങ്ങി ഡിഎന്‍.എ ടെസ്റ്റ് നടത്താനുള്ള അപേക്ഷയു മായെത്തിയതാണ് യുവതി. തല്‍ക്കാലം ഭാര്യയ്ക്ക് ആവശ്യമായ പ്രസവരക്ഷയും ചികിത്സയുമാണ് ലഭ്യമാക്കേണ്ടതെന്നും  ഡിഎന്‍.എ പരിശോധനയ്ക്കുള്ള നടപടികള്‍ മൂന്നു മാസത്തിനുശേഷം പരിഗണിക്കുന്നതാണെന്നും ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിനോട് കമ്മീഷന്‍ നിര്‍ദേശിച്ചു. ഇവരെ പോലീസ് വാഹനത്തില്‍ വടവാതൂരിലെ ഭര്‍തൃഗൃഹത്തിലെത്തിക്കാനും ഭര്‍തൃമാതാവിന് കര്‍ശന താക്കീത് നല്‍കാനും വനിതാ  പോലീസ് ഉദ്യോഗസ്ഥരെ കമ്മീഷന്‍ ചുമതലപ്പെടുത്തി.
തനിക്കെതിരെയുളള  വ്യാജപ്രചാരത്തിനെതിരെ പരാതി നല്‍കാന്‍ എത്തിയ  യുവതിയെ അകാരണമായി മണിക്കൂറുകളോളം പോലീസ് സ്റ്റേഷനില്‍ നിര്‍ത്തിയെന്ന പരാതിയും കമ്മീഷന് ലഭിച്ചു.  ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥനോട് അദാലത്തില്‍ ഹാജരാകണമെന്ന് അറിയിച്ചെങ്കിലും എത്താത്തതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥനെതിരെ നോട്ടീസ് നല്‍കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
വഴിതര്‍ക്കവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ വൃദ്ധന്‍ അസഭ്യം പറയുന്നതായി യുവതി നല്‍കിയ പരാതിയില്‍ പനയ്ക്കപാടം സ്വദേശിയായ വൃദ്ധനെ കമ്മീഷന്‍ താക്കിത് ചെയ്തു.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന അദാലത്തില്‍ 27 കേസുകള്‍ തീര്‍പ്പാക്കി. ഏഴ് കേസുകള്‍ അന്വേഷണത്തിനായി  പോലീസിന് കൈമാറി. 67 കേസുകള്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കും. കമ്മീഷനംഗങ്ങളായ ഇ.എം രാധ, അഡ്വ. എം.എസ് താര, അഡ്വ. ഷിജി ശിവജി, ഡോ. ഷാഹിദ കമാല്‍, ഡയറക്ടര്‍  വി.യു കുര്യാക്കോസ് എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.