വരുംകാല തലമുറയ്ക്കായി പ്രകൃതിയേയും ജല ഉറവകളേയും നിലനിർത്താനായുള്ള ഉത്തമ മാതൃകകളാണ് തിരുവനന്തപുരത്ത് ടാഗോർ തീയേറ്റർ പരിസരത്തെ ജലസംഗമവേദിയിലെ പ്രദർശനത്തിൽ ഒരുക്കിയിട്ടുള്ളത്.
ഹരിതകേരളം മിഷൻ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് നടത്തിയ പുഴ പുനരുജ്ജീവനം, വന -ജലസംരക്ഷണം എന്നിവ ആധാരമാക്കിയാണ് മൂന്ന് ദിനം നീണ്ടു നിൽക്കുന്ന ജലസംഗമം സംഘടിപ്പിച്ചിരിക്കുന്നത്. പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും വീണ്ടെടുക്കുന്നതിനായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളുടെ മാതൃകകളാണ് പ്രധാനമായും പ്രദർശനത്തിനുള്ളത്.
ഗ്രാമ നഗര പ്രദേശങ്ങളിൽ ഒഴുകിയെത്തുന്നതും മഴയിലൂടെയും ലഭിക്കുന്നതുമായ വെള്ളം ശേഖരിക്കുന്നതിനുള്ള മാതൃകയാണ് ഫാം ഇൻഫർമേഷൻ ബ്യൂറോ ഒരുക്കിയിരിക്കുന്നത്. കിണർ റീച്ചാർജിംഗ്, മൺകലം ഉപയോഗിച്ചുള്ള മഴവെള്ള ശുദ്ധീകരണം, കൃഷിക്കായി തുള്ളിനന, തിരിനന എന്നിവ ജലവിഭവ വിനിയോഗകേന്ദ്രം പരിചയപ്പെടുത്തുന്നു. മൂവാറ്റുപുഴ ജലസേചന പദ്ധതി അടിസ്ഥാനമാക്കിയുള്ള ചെറുകിട ജലസേചന മാതൃകയും ഹരിതകേരള മിഷൻ പദ്ധതിയുൾപ്പെടുത്തി നടപ്പിലാക്കുന്ന ആമച്ചൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയും ജലസേചന വകുപ്പ് മാതൃകകളിലൂടെ അവതരിപ്പിക്കുന്നു.
കഴിഞ്ഞ രണ്ടുവർഷമായി കാട്ടാക്കട നിയോജക മണ്ഡലത്തിൽ വിജയകരമായി പൂർത്തിയാക്കിയ പുഴ, കുളം നവീകരണവും പ്രദർശനത്തിൽ നിന്നും മനസ്സിലാക്കാം. ജലസംരക്ഷണത്തിനു പുറമേ  ഇന്ത്യയിലെ വിവിധ തരം ശിലകളുടെയും പ്രദർശനമാണ് ഭൂജലവകുപ്പ്് സജ്ജമാക്കിയിട്ടുള്ളത്.
പ്ലാസ്റ്റിക് ഒഴിവാക്കി പ്രകൃതി സൗഹൃദ ഉല്പന്നങ്ങൾ ഉപയോഗിച്ചുള്ള സഞ്ചി, ഹാൻഡ്ബാഗുകൾ എന്നിവയും പ്രദർശനത്തിനും വില്പനയ്ക്കുമുണ്ട്. സഞ്ചി ബാഗ്സ് എന്ന സ്ഥാപനത്തിനു പുറമേ എറണാകുളം സെന്റ്്തെരേസാസ് കോളേജിലെ വിദ്യാർത്ഥിനികളും പ്ലാസ്റ്റിക് വിമുക്ത സന്ദേശവുമായി രംഗത്തുണ്ട്. പാഴായ തുണികൾ സംഭരിച്ച് കേളേജിലെ സ്റ്റെപ്സ് എന്ന സംഘടനയുടെ നേതൃത്വത്തിൽ നിർമ്മിച്ച വിവിധോപയോഗ ബാഗുകളാണ് ഇവർ വില്പനയ്ക്കും പ്രദർശനത്തിനുമായി എത്തിച്ചിട്ടുള്ളത്.
തഴ കൊണ്ടുള്ള വിവിധ വസ്തുക്കളാണ് പ്രദർശനത്തിലെ മറ്റൊരു ആകർഷണം. തഴ കൊണ്ടുള്ള ബാഗ്, പായ, പൂക്കൂട. പഴക്കൂട, വേസ്റ്റ് ബിൻ എന്നിവ പരിചയപ്പെടുത്തുകയാണ് സാംസ്‌കാരിക വകുപ്പിനു കീഴിലെ തഴവ പൈതൃക ഗ്രാമം.  സാംസ്‌കാരിക വകുപ്പിനു കീഴിലെ റൂറൽ ആർട്ട് ഹബ് പ്രോജക്ട് വഴി തഴവ പഞ്ചായത്തിൽ തഴ കൊണ്ടുള്ള വസ്തുക്കളുടെ നിർമാണത്തിന് പരിശീലനം നൽകുന്നുണ്ട്. തഴപ്പാ നിർമാണത്തിലൂടെ പ്രശസ്തമായ സ്ഥലമായിരുന്നു തഴവ. അതുകൊണ്ടുതന്നെ തഴപ്പാ നിർമാണം ഉൾപ്പെടെയുള്ള പരമ്പരാഗത തൊഴിലുകൾ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ സർക്കാർ സഹായത്തോടെ നടക്കുന്നുണ്ട്. തഴപ്പാ നിർമാണത്തിന് പരിശീലനം നൽകി ഈ തൊഴിൽമേഖലയ്ക്ക് ഉണർവേകാനാണ് ശ്രമം.
ചെങ്കൽ തരിശു രഹിത ഗ്രാമത്തിലെ കുടുബശ്രീ സംഘങ്ങൾ തയ്യാറാക്കിയ ജൈവ ഉല്പന്നങ്ങളും പ്രദർശന വേദിയിൽ നിന്നും ലഭിക്കും. ജലസംരക്ഷണം പോലെ പ്രാധാന്യമർഹിക്കുന്ന മാലിന്യ സംസ്‌കരണത്തിന്റെ മാതൃകകളാണ് ശുചിത്വമിഷന്റെ നേതൃത്വത്തിൽ പ്രദർശിപ്പിച്ചിട്ടുള്ളത്.
ജലസംരക്ഷണ ബോധവല്കരണ സന്ദേശങ്ങളുമായി ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പും ജലസംഗമത്തിൽ പങ്കാളിയാകുന്നുണ്ട്.
ബോധവല്കരണ ലഘു ചിത്രങ്ങളുടെയും ഡോക്യുമെന്ററിയുടെ പ്രദർശനവും സർക്കാർ ആനുകാലികങ്ങളുടേയും പ്രസിദ്ധീകരണങ്ങളുടെയും പ്രദർശനവും വിതരണവും സജ്ജമാക്കിയിട്ടുണ്ട്.
ഫാം ഇൻഫർമേഷൻ ബ്യൂറോ, ജലവിഭവ വിനിയോഗ കേന്ദ്രം, മണ്ണ് പര്യവേക്ഷണ മണ്ണ്് സംരക്ഷണ വകുപ്പ്, നീർത്തട വികസന പരിപാലന പരിശീലന കേന്ദ്രം, ജലസേചന വകുപ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കേരള കാർഷിക സർവകലാശാല, ജല അതോറിറ്റി, സംസ്ഥാന ഭൂവിനിയോഗ ബോർഡ്, കാട്ടാക്കട നിയോജക മണ്ഡലത്തിലെ ജലസമൃദ്ധി പ്രോജക്ട്, ശുചിത്വമിഷൻ, ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് എന്നീ വകുപ്പുകളും ബയോസ്റ്റാർട്‌സ് വെഞ്ച്വേഴ്‌സ് പോലുള്ള സംരംഭങ്ങളും പ്രദർശന സ്റ്റാളുകളിൽ ജലം സംരക്ഷിക്കാനുള്ള വിവിധ മാതൃകകൾ അവതരിപ്പിക്കുന്നുണ്ട്.