മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍സംയോജന
പദ്ധതി മേഖല ജലസംഗമം പ്രതിനിധികള്‍ സന്ദര്‍ശിച്ചു 
തരിശായി കിടന്ന മൂന്നു പതിറ്റാണ്ട് പഴങ്കഥയാക്കി പൊന്നുവിളയിച്ച നഗരഹൃദയത്തിലെ പാടശേഖരത്തിലായിരുന്നു യാത്രയുടെ തുടക്കം. വീണ്ടെടുക്കപ്പെട്ട തോടുകളും ശുചിത്വ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന പഴയ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളും ജല ടൂറിസം കേന്ദ്രങ്ങളുമൊക്കെ പിന്നിടുമ്പോള്‍ പുഴകളുടെ പുനരുജ്ജീവനത്തിന്‍റെ കോട്ടയം മാതൃക അവര്‍ കണ്ടറിയുകയായിരുന്നു.

ഹരിത കേരളം മിഷന്‍ പുഴ പുനരുജ്ജീവന-ജല സംരക്ഷണ പ്രവര്‍ത്തനങ്ങളെ ആധാരമാക്കി തിരുവനന്തപുരത്ത് നടത്തുന്ന ജലസംഗമത്തില്‍ പങ്കെടുക്കുന്ന വിദഗ്ധരും വിവിധ ജില്ലകളിലെ ജനപ്രതിനിധികളുമാണ് കോട്ടയം ജില്ലയിലെ മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍സംയോജന പദ്ധതി മേഖലകളില്‍ ഇന്നലെ(മെയ് 29) സന്ദര്‍ശനം നടത്തിയത്.
മൊബിലിറ്റി ഹബ്ബിനായി നികത്താന്‍ നിശ്ചയിച്ച സ്ഥലത്ത് തരിശുനില കൃഷി നടപ്പാക്കിയ പൂഴിക്കുന്നിലാണ് സംഘം ആദ്യമെത്തിയത്.
ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ആയിരത്തിലേറെ കിലോമീറ്റര്‍ തോടുകള്‍ തെളിച്ചെടുക്കുകയും മൂവായിരത്തിലേറെ തരിശുനിലങ്ങള്‍ കൃഷിയിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്ത കേന്ദ്രങ്ങളിലായിരുന്നു സന്ദര്‍ശനം. കൊല്ലാട് തൊട്ടിമൂല പാടശേഖരം, കഞ്ഞിക്കുഴി തോട്, എലിപ്പുലിക്കാട്ട് കടവ് തുടങ്ങിയ സ്ഥലങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
കേന്ദ്ര ജല കമ്മീഷന്‍ ഡയറക്ടര്‍ രാജീവ് സിംഗാള്‍, യു.എന്‍.ഡി.പി. പ്രോജക്ട് ഓഫീസര്‍ ഡോ. എം. രമേശന്‍, സെന്‍ട്രല്‍ വാട്ടര്‍ ആന്‍റ് പവര്‍ റിസോഴ്സ് സ്റ്റേഷനിലെ സയന്‍റിസ്റ്റ് നീന ഐസക്, പരിസ്ഥിതി പ്രവര്‍ത്തക മധുലിക ചൗധരി തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘത്തിനൊപ്പം നദീ പുനര്‍സംയോജന പദ്ധതി പ്രവര്‍ത്തകരും ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. ഭൂഗര്‍ഭജല വകുപ്പിലെ സീനിയര്‍ ഹൈഡ്രോജിയോളജിസ്റ്റ് എ.ജി. ഗോപകുമാര്‍ കോ-ഓര്‍ഡിനേറ്ററായിരുന്നു.
രാവിലെ കോട്ടയം സഹകരണ അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സന്ദര്‍ശന പരിപാടി ഉദ്ഘാടനം ചെയ്ത മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡോ.പി.ആര്‍ സോന വാഹനങ്ങള്‍ ഫ്ളാഗ് ഓഫ് ചെയ്തു.  നദി പുനര്‍സംയോജന പദ്ധതി പ്രയോജനപ്പെടുത്തി കോട്ടയം  നഗര മേഖലയിലെ പകുതിയിലേറെ തരിശു പാടങ്ങള്‍ കൃഷിയോഗ്യമാക്കിയതായും തരിശുരഹിത കോട്ടയം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണെന്നും മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ പറഞ്ഞു.
മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍ സംയോജന പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. കെ. അനില്‍കുമാര്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിശദമാക്കി.
ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ് പി. മാത്യു, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. രമേഷ്, മൈനര്‍ ഇറിഗേഷന്‍ എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ഡോ. കെ.ജെ.  ജോര്‍ജ്, കൃഷിവകുപ്പ് അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ പി. ജയരാജ്, പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇ. സുനില്‍കുമാര്‍,  മണര്‍കാട് സെന്‍റ് മേരീസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പുന്നന്‍ കുര്യന്‍ വേങ്കടത്ത്, ഗ്രീന്‍ ഫ്രട്ടേണിറ്റി പ്രസിഡന്‍റ് ഡോ. ജേക്കബ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.


മാതൃകാ പദ്ധതിയെന്ന് വിദഗ്ധര്‍

മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍സംയോജന പദ്ധതി ജല സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ രാജ്യത്തിനുതന്നെ മാതൃകയാണെന്ന്  കേന്ദ്ര ജല കമ്മീഷന്‍ ഡയറക്ടര്‍ രാജീവ് സിംഗാള്‍ പറഞ്ഞു. പദ്ധതി മേഖലകളില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
ജലസ്രോതസുകള്‍ ശുചിയായി സംരക്ഷിക്കപ്പെടുന്നത് സമീപ മേഖലകളിലെ ജനങ്ങള്‍ക്കും ജീവജാലങ്ങള്‍ക്കും ഗുണകരമാണ്.   പൊതുജനങ്ങളുടെ സജീവ പങ്കാളിത്തമാണ് ഈ പദ്ധതിയുടെ വിജയത്തിന് കരുത്താകുന്നത്-അദ്ദേഹം പറഞ്ഞു. 

ജലസ്രോതസുകള്‍ ഉറവമുതല്‍  വീണ്ടെടുക്കുന്ന സമീപനം വേറിട്ടതാണെന്നും കേരത്തിലെ നദീ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും നല്ല മാതൃകയാണിതെന്നും സെന്‍ട്രല്‍ വാട്ടര്‍ ആന്‍റ് പവര്‍ റിസോഴ്സ് സ്റ്റേഷനിലെ സയന്‍റിസ്റ്റ് നീന ഐസക് പറഞ്ഞു.


സര്‍ക്കാരും ജനങ്ങളും കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നതിന്‍റെ നേട്ടം വ്യക്തമാക്കിത്തരുന്ന പദ്ധതിയാണ്  മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍സംയോജനമെന്ന് ഹൈദരാബാദില്‍നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്ത മധുലിത ചൗധരി പറഞ്ഞു. ഇത്തരം സംരംഭങ്ങള്‍ കാലഘട്ടത്തിന്‍റെ ആവശ്യകതയാണ്. വെള്ളം സ്വതന്ത്രമായി ഒഴുകാന്‍ അവസമൊരുക്കണം. ജല സംരക്ഷണത്തിനായി ഹരിത കേരളം മിഷന്‍ നടത്തുന്ന ജനകീയ പരിപാടികള്‍ മാതൃകാപരമാണ്-അവര്‍ വിലയിരുത്തി.