കൊച്ചി : മഴക്കാല പൂർവ്വ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി മാതൃകയാകുകയാണ് വൈപ്പിൻ ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകൾ. ഞാറക്കൽ, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, പള്ളിപ്പുറം പഞ്ചായത്തുകളിൽ ജനപ്രതിനിധികളും ആരോഗ്യ വകുപ്പും കൃഷി വകുപ്പും ഐ സി ഡി എസ് , കുടുംബശ്രീ, മഹാത്മാഗാന്ധി ഗ്രാമീണ ദേശീയ തൊഴിലുറപ്പ് പ്രവർത്തകർ, ആശാവർക്കർമാർ മറ്റു സന്നദ്ധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിലാണ് മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത് .

ബ്ലോക്കിലെ പഞ്ചായത്തുകളിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി കാന ശുചീകരണവും തോട് ശുചീകരണവും നടത്തി. കാനകൾ നിറഞ്ഞ് വെള്ളപ്പൊക്കം തടയുന്നതിനായി കാന ശുചീകരണത്തിന് വൈപ്പിൻകരയിലെ പഞ്ചായത്തുകളിൽ പ്രാമുഖ്യം നൽകിയത്. വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലങ്ങളിൽ മട വെയ്സ്റ്റിട്ട് ഉറപ്പ് വരുത്തി. പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

ആരോഗ്യവകുപ്പിന് കീഴിൽ ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളിൽ ശുചിത്വ സ്ക്വാഡുകൾ രൂപീകരിച്ച് ഗൃഹസന്ദർശനം നടത്തി. ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടികളും കൊതുക് നശീകരണ പ്രവർത്തനങ്ങളും ലഘുലേഖ വിതരണവും നടത്തി. തൊഴിലുറപ്പ് പദ്ധതിയെ തോട് ശുചീകരണം നടത്തുന്ന തൊഴിലാളികൾക്ക് ഡോക്സിസൈക്ലിൻ ഗുളികകൾ നൽകി. വാർഡ് തലത്തിൽ സാനിറ്റേഷൻ സമിതികൾ രൂപീകരിച്ചു ഗൃഹ സന്ദർശനം നടത്തി ശുചിത്വം മാപ്പിംഗും ആരോഗ്യ വകുപ്പ് തയാറാക്കി. കൂടാതെ അന്യസംസ്ഥാന തൊഴിലാളികൾക്കായി അഞ്ചു പഞ്ചായത്തുകളിലും മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു. കുഴുപ്പിള്ളി പഞ്ചായത്ത് നേതൃത്വത്തിൽ അയ്യമ്പിള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രവും പരിസരവും വൃത്തിയാക്കി. വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ചെറായി, വൈപ്പിൻ, മുനമ്പം, കുഴുപ്പിള്ളി ബീച്ചുകളും വൃത്തിയാക്കി.

ദേശീയ ഡെങ്കു ദിനാചരണത്തിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും സെമിനാറുകളും ഭവന സന്ദർശനവും നടത്തി. ഡെങ്കുപ്പനി പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും കൊതുക് നശീകരണത്തെ കുറിച്ചും ജനങ്ങളെ ബോധവൽക്കരിച്ചു. പഞ്ചായത്തുകളിൽ കിണറുകളുടെ ശുചീകരണം ( ക്ലോറിനേഷൻ) പ്രവർത്തനങ്ങളും പുരോഗമിച്ച് വരികയാണ്. ഇതിനു പുറമേ ഹോട്ടലുകളിലും പരിശോധന നടത്തുന്നുണ്ട്.

കൃഷിവകുപ്പിൻ്റെ നേതൃത്വത്തിൽ നായരമ്പലം, എടവനക്കാട്, പള്ളിപ്പുറം പഞ്ചായത്തുകളിൽ എലിനശീകരണ ക്യാമ്പ് നടത്തി. കർഷകരുടെ വീടും പരിസരവും മാലിന്യമുക്തമാക്കുന്നതിനുള്ള ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു. ബയോഗ്യാസ് യൂണിറ്റുകൾ സ്ഥാപിക്കുന്നതിനുവേണ്ടി കൃഷി വകുപ്പ് മുഖേന സബ്സിഡി നൽകുന്നതിന് ബോധവൽക്കരണ പരിപാടികളും നടത്തി. കൂടാതെ ഐ സി ഡി എസ് പ്രോജക്ടിന് കീഴിലുള്ള എല്ലാ അങ്കണവാടികളും വൃത്തിയാക്കി . സ്വന്തം വീടും സ്ഥാപനവും പരിസരവും ശുദ്ധിയാക്കാം എന്ന മുദ്രാവാക്യം ഉയർത്തിയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്.

ഫോട്ടോ ക്യാപ്ഷൻ:

വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ മഴക്കാല പൂർവ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന വിവിധ പ്രവർത്തനങ്ങൾ