ഹൈസ്‌കൂൾ, ഹയർസെക്കന്ററി ഏകീകരണം നടപ്പാക്കും

സംസ്ഥാനത്ത് പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മികവുറ്റതാക്കുന്നതിന് പ്രൊഫ. ഖാദർ കമ്മിറ്റി ശുപാർശ ചെയ്ത പ്രകാരം ഹൈസ്‌കൂൾ, ഹയർസെക്കന്ററി, വൊക്കഷണൽ ഹയർ സെക്കന്ററി ഏകീകരണം നടപ്പിലാക്കാൻ മന്ത്രിസഭ തീരുമാനിച്ചു.

വിദഗ്ധ സമിതി ശുപാർശകൾ ഘട്ടംഘട്ടമായി നടപ്പാക്കാനാണ് തീരുമാനം. ആദ്യഘട്ടം 2019-20 അധ്യയനവർഷം തന്നെ നടപ്പാക്കാൻ തുടങ്ങും. ഇതിന്റെ ഭാഗമായി നിലവിലുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയർസെക്കന്ററി ഡയറക്ടറേറ്റ്, വൊക്കേഷണൽ ഹയർ സെക്കന്ററി ഡയറക്ടറേറ്റ് എന്നീ മൂന്നു ഡയറക്ടറേറ്റുകളെയും യോജിപ്പിച്ച് ഡയറക്ടറേറ്റ് ഓഫ് ജനറൽ എഡ്യുക്കേഷൻ രൂപീകരിക്കും. ഐ.എ.എസ് കാഡറിലുള്ള ഉദ്യോഗസ്ഥനായിരിക്കും ഇതിന്റെ ചുമതല.

ഇപ്പോൾ ഡി.പി.ഐ, ഡി.എച്ച്.എസ്.ഇ, ഡി.വി.എച്ച്.എസ്.ഇ എന്നിവയുമായി ബന്ധപ്പെട്ട് നടത്തുന്ന എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ്ടു എന്നിവ ഉൾപ്പെടെയുള്ള പൊതു പരീക്ഷകളുടെ നടത്തിപ്പിന് ഡയറക്ടർ ഓഫ് ജനറൽ എഡ്യുക്കേഷനെ പരീക്ഷാ കമ്മീഷണറായി നിയമിക്കും.

എൽ.പി., യു.പി, ഹൈസ്‌കൂൾ, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങൾ നിലവിലുള്ളതുപോലെ തുടരും. ഈ വിഭാഗങ്ങൾ ഡയറക്ടർ ഓഫ് ജനറൽ എഡ്യുക്കേഷന്റെ പരിധിയിലായിരിക്കും. മേഖല, ജില്ല, ഉപജില്ലാതലത്തിലുള്ള ആർ.ഡി.ഡി, എ.ഡി, ഡി.ഡി.ഇ, ഡി.ഇ.ഒ, എ.ഇ.ഒ എന്നീ ഓഫീസ് സംവിധാനങ്ങൾ നിലവിലുള്ളതുപോലെ തുടരും.

ഹയർസെക്കന്ററിതലം വരെയുള്ള സ്ഥാപനത്തിന്റെ മേധാവി പ്രിൻസിപ്പലായിരിക്കും. നിലവിലുള്ള ഹെഡ്മാസ്റ്റർ വൈസ് പ്രിൻസിപ്പാൾ ആകും. സ്‌കൂളിന്റെ പൊതു ചുമതലയും ഹയർസെക്കന്ററി വിഭാഗത്തിന്റെ അക്കാദമിക് ചുമതലയും പ്രിൻസിപ്പാൾ വഹിക്കും.

ഹൈസ്‌കൂളിന്റെ നിലവിലുള്ള ഓഫീസ് സംവിധാനം ഹയർസെക്കന്ററിക്കു കൂടി ബാധകമായ രീതിയിൽ പൊതു ഓഫീസായി മാറും. ശമ്പളവിതരണത്തിന് ഏകീകൃത സംവിധാനം വരുന്നതുവരെ നിലവിലുള്ള സംവിധാനം തുടരും.

ഹയർസെക്കന്ററി ഇല്ലാത്ത സ്‌കൂളുകളിൽ നിലവിലുള്ള സമ്പ്രദായം അതേപടി തുടരും. ഏകീകരണവുമായി ബന്ധപ്പെട്ട് സമഗ്രമായ സ്‌പെഷ്യൽ റൂൾ ഉണ്ടാക്കുന്നതിന് പൊതുവിദ്യാഭ്യാസ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

മെയ് 31-ന് വിരമിക്കുന്ന കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ എം.പി. ദിനേശിനെ ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ തസ്തികയിൽ പുനർനിയമന അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമിക്കാൻ തീരുമാനിച്ചു.

അന്തരിച്ച പ്രശസ്ത മാപ്പിളപ്പാട്ടു ഗായകനും കേരള ഫോക് ലോർ അക്കാദമി വൈസ് ചെയർമാനുമായിരുന്ന എരഞ്ഞോളി മൂസയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മൂന്നു ലക്ഷം രൂപ അനുവദിക്കാൻ തീരുമാനിച്ചു.

പാലക്കാട് സ്‌പെഷ്യൽ സബ് ജയിൽ ജില്ലാ ജയിലായി ഉയർത്തുന്നതിനും മലമ്പുഴയിൽ പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനും ഭരണാനുമതി നൽകാൻ തീരുമാനിച്ചു. ഇതിനു വേണ്ടി 11 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. ഇതിൽ 5 തസ്തികകൾ പുനർവിന്യാസം വഴി നികത്തും.

ഗുരുവായൂർ ദേവസ്വം ചെയർമാനും ഭരണസമിതി അംഗങ്ങൾക്കും ഓണറേറിയവും സിറ്റിംഗ് ഫീസും അനുവദിക്കുന്നതിന് 1978-ലെ ഗുരുവായൂർ ദേവസ്വം ആക്ടിൽ ഭേദഗതി വരുത്തുന്നതിന് ബിൽ കൊണ്ടുവരാൻ മന്ത്രിസഭ തീരുമാനിച്ചു. കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി.

ഔഷധിയിലെ മാനേജർ (ക്വാളിറ്റി കൺട്രോൾ), ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ എന്നിവരുടെ ശമ്പളം പരിഷ്‌കരിക്കാൻ തീരുമാനിച്ചു.

പ്രളയാനന്തര പുനർനിർമാണവുമായി ബന്ധപ്പെട്ട് തൃശ്ശൂർ താലൂക്കിൽ മുളയം വില്ലേജിൽ സർക്കാർ വക അമ്പത് സെന്റ് ഭൂമി വീടു നിർമാണത്തിന് സജ്ജീകരിക്കുന്നതിന് ഇരുപത് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അനുവദിക്കാൻ തീരുമാനിച്ചു. ഇവിടെ 16 വീടുകൾ നിർമിച്ചു നൽകുന്നതിന് ഫൈസൽ ആന്റ് ഷബാന ഫൗണ്ടേഷൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഭക്ഷ്യകമ്മീഷൻ അംഗങ്ങളായി 5 പേരെ നിയമിക്കാൻ തീരുമാനിച്ചു. അഡ്വ. ബി. രാജേന്ദ്രേൻ, കെ. ദിലീപ് കുമാർ (പൊതുവിഭാഗം), പി.വസന്തം (വനിതാ വിഭാഗം), വി. രമേശൻ (പട്ടികജാതി വിഭാഗം), എം. വിജയലക്ഷ്മി (പട്ടികവർഗ്ഗ വിഭാഗം).

പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിയമിതരായ അധ്യാപകരിൽ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ മാനദണ്ഡപ്രകാരം യോഗ്യതയുള്ളവരെ പ്രത്യേക കേസായി പരിഗണിച്ച് സ്ഥിരപ്പെടുത്താൻ തീരുമാനിച്ചു.

മത്സ്യബന്ധന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് സൊസൈറ്റിയിലെ ശമ്പളവും അലവൻസുകളും പുതുക്കി നിശ്ചയിക്കാൻ തീരുമാനിച്ചു.