ജില്ലയില്‍ മണ്‍സൂണ്‍കാല ട്രോളിംഗ് നിരോധനം ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. ജൂലയ് 31 വരെയുള്ള 52 ദിവസങ്ങളില്‍ സംസ്ഥാനമൊട്ടാകെ കടലില്‍ 12 നോട്ടിക്കല്‍ മൈല്‍(22 കി.മി) ദൂരത്തിലാണ് ട്രോളിംഗ്  നടപ്പാക്കുക. മത്സ്യപ്രജനന കാലത്ത് ട്രോളിംഗ് നടപ്പാക്കുന്നതിലൂടെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായി നടത്തുന്ന ട്രോളിംഗിന്  മുഴുവന്‍ മത്സ്യത്തൊഴിലാളികളുടെയും സഹകരണം ഉണ്ടാകണമെന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള  തൊഴിലാളികള്‍ ജൂണ്‍ ഒമ്പതിന് മുമ്പ് കേരള തീരം വിടണമെന്ന് നിര്‍ദേശം നല്‍കുമെന്നും ജില്ലാകലക്ടര്‍ സീറാം സാമ്പശിവ റാവു അറിയിച്ചു. രണ്ടു വള്ളങ്ങള്‍ ഉപയോഗിച്ചുളള പെയര്‍ ട്രോളിങും നിയമവിരുദ്ധമായ മറ്റ് എല്ലാ മത്സ്യബന്ധന രീതികളും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ട്രോളിംഗ് നിരോധന കാലയളവില്‍ സാധാരണ വള്ളങ്ങള്‍ ഉപയോഗിച്ചുള്ള പരമ്പരാഗത മത്സ്യബന്ധനം നടത്താം.
കടല്‍ പട്രോളിംഗിനും കടല്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രമായി ആരംഭിച്ചിട്ടുണ്ട്. കണ്‍ട്രോള്‍ റൂം നമ്പര്‍ 04952 414074. കടല്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് ബോട്ടുകളും ഒരു ഫൈബര്‍ വള്ളവും കടലില്‍ നിരീക്ഷണത്തിനുണ്ടാവും. ബോട്ടുകള്‍ ബേപ്പൂര്‍, പുതിയാപ്പ, കൊയിലാണ്ടി എന്നിവ കേന്ദ്രീകരിച്ചാണുണ്ടാവുക. ഫൈബര്‍ വള്ളം ചോമ്പാല്‍ ബേസ് കേന്ദ്രീകരിച്ചും പ്രവര്‍ത്തിക്കും. ട്രോളിംഗ് സംബന്ധിച്ച അറിയിപ്പ് കടലോരപ്രദേശങ്ങളില്‍ മൈക്ക് അനൗണ്‍സ്മെന്റായും പോസ്റ്റര്‍, നോട്ടീസ് എന്നിവ പതിച്ചും അറിയിക്കും. രക്ഷാദൗത്യങ്ങള്‍ക്കായി ഫിഷറീസ്, പോര്‍ട്ട്, നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവ സംയുക്തമായുള്ള ടീമുകള്‍ സജ്ജമായിരിക്കും. ട്രോളിംഗ് നിരോധനം മൂലം തൊഴില്‍ നഷ്ടമാകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യറേഷന്‍ അനുവദിക്കുന്നതിനായി ഫിഷറീസ് വകുപ്പില്‍ നിന്ന് പട്ടിക കിട്ടുന്ന മുറയ്ക്ക് സിവില്‍ സപ്ലൈസ് നടപടിയെടുക്കുമെന്നും കലക്ടര്‍ അറിയിച്ചു.
എല്ലായാനങ്ങളിലും രജിസ്ട്രേഷന്‍ മാര്‍ക്ക് ഉണ്ടായിരിക്കണം. മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികള്‍ തിരിച്ചറിയല്‍ രേഖ, ജീവന്‍ രക്ഷാ ഉപകരണങ്ങള്‍, ടൂള്‍ കിറ്റ്, ലൈഫ് ജാക്കറ്റ്, ആവശ്യത്തിന് ഇന്ധനം എന്നിവ കരുതണം. കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ച് പ്രക്ഷുബ്ധമായ കാലാവസ്ഥയില്‍ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നത് ഒഴിവാക്കണമെന്നും രക്ഷാ ബോട്ടുകളുടെ അറ്റകുറ്റപ്പണി എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും കലക്ടര്‍ അറിയിച്ചു. ട്രോളിങ്‌നിരോധന കാലയളവിനുള്ളില്‍ മത്സ്യത്തൊഴിലാളികള്‍ ബോട്ട് അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടു പോകുന്നുണ്ടെങ്കില്‍ ഇക്കാര്യം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ അറിയിക്കണം.
കോഴിക്കോട് ജില്ലയില്‍ 1006 യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടികളും 249 ഇന്‍ബോര്‍ഡ് എഞ്ചിന് ഘടിപ്പിച്ച വള്ളങ്ങളും 3792 ഔട്ട് ബോര്‍ഡ് എഞ്ചിന്‍ ഘടിപ്പിച്ച വള്ളങ്ങളും 182 എഞ്ചിന്‍ ഘടിപ്പിക്കാത്ത വള്ളങ്ങളും അടക്കം 5229 യാനങ്ങളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ അന്യജില്ലകളില്‍ നിന്ന് എകദേശം 600-ഓളം ബോട്ടുകള്‍ ജില്ലയിലെ തീരക്കടലില്‍ പ്രവര്‍ത്തിക്കുന്നു. അന്യ സംസ്ഥാന ബോട്ടുകള്‍ ജൂണ്‍ 9-ന്  മുമ്പ് കേരള തീരംവിട്ടു പോകണമെന്നും യോഗത്തില്‍ അറിയിച്ചു. ഇതു സംബന്ധിച്ച അറിയിപ്പ് മംഗലാപുരം, കന്യകുമാരി ജില്ലാ കളക്ടര്‍മാര്‍ക്ക്  ജില്ലാ കളക്ടര്‍ മുഖേന നല്കും.    നാല് ഫിഷറീസ് ഹാര്‍ബറുകളിലായി പ്രത്യക്ഷത്തില്‍ 27500 മത്സ്യത്തൊഴിലാളികളുണ്ട്.
ഫിഷര്‍മെന്‍ ബഡ്ഡി — മൊബൈല്‍ ആപ്‌ളിക്കേഷന്‍
മത്സ്യത്തൊഴിലാളികളുടെ സൗകര്യാര്‍ത്ഥം ജില്ലയില്‍ ഫിഷര്‍മെന്‍ ബഡ്ഡി എന്ന പുതിയ മൊബൈല്‍ ആപ്‌ളിക്കേഷന്‍ കൊണ്ടു വരുമെന്ന് ജില്ലാ കളക്ടര്‍.  കടലിലെ മത്സ്യ ലഭ്യത, കാലാവസ്ഥാ വ്യതിയാനം എന്നീ വിവരങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്കുന്ന ആപ്‌ളിക്കേഷനാണിത്.  തമിഴ്‌നാട്ടില്‍ വിജയകരമായി നടപ്പിലാക്കിയ ഈ ആപ്‌ളിക്കേഷന്‍ ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്കിടയിലും പ്രചരിപ്പിക്കും. സംസ്ഥാനസര്‍ക്കാരിന്റെ സാഗര എന്ന മൊബൈല്‍ ആപ്പും കാലാവസ്ഥാ വ്യതിയാനമറിയാനായി നിലവിലുണ്ട്.
കോസ്റ്റല്‍ പോലിസിന്റെ പക്കലുള്ള ബോട്ടുകളുടെ അറ്റകുറ്റപ്പണി അടിയന്തിരമായി തീര്‍ക്കണമെന്ന്  മത്‌സ്യത്തൊഴിലാളികള്‍ പറഞ്ഞു. ഇതിനു വേണ്ട നടപടികളെടുക്കണമെന്നും  ആവശ്യമായ തുക ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും നല്കാനുള്ള സാധ്യത പരിശോധിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി.  ജില്ലയില്‍ മറൈന്‍ ആംബുലന്‍സ് വേണമെന്നും കടലിലെ രക്ഷാപ്രവര്‍ത്തന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും മത്സ്യത്തൊഴിലാളി പ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. കടലിലെ രക്ഷാപ്രവര്‍ത്തനനടപടികള്‍ വര്‍ദ്ധിപ്പിക്കാനുതകുന്ന നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച്  രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറോട് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.  മീനിന്റെ ദൗര്‍ലഭ്യം മൂലം ചൊമ്പോല, വെള്ളേരി, കൊയിലാണ്ടി തുടങ്ങിയ  തീരദേശ മേഖല പട്ടിണിയിലാണെന്ന്  മത്സ്യത്തൊഴിലാളികള്‍ അറിയിച്ചു. സിഎംഎഫ്ആര്‍ഐ യുമായി ബന്ധപ്പെട്ട് മത്സ്യദൗര്‍ലഭ്യത്തിനുള്ള കാരണവും പരിഹാരവും കണ്ടെത്താന്‍ പഠനം നടത്താനുള്ള നടപടികളെടുക്കണമെന്ന്  കളക്ടര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി.
ഡിസിപി എ കെ ജലാലുദ്ദീന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ മുജീബ്, അഡീഷണല്‍ ഡയറക്ടര്‍ പി കെ രഞ്ജിനി, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ജയ മെര്‍ലിന്‍, മത്സ്യത്തൊഴിലാളി പ്രതിനിധികള്‍, പോലീസ് , കോസ്റ്റ്ഗാര്‍ഡ്, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.