യാത്രാവേളയില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ വിഭാവനം ചെയ്ത ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഷീലോഞ്ചിന്റെ നിര്‍മാണം അന്തിമ ഘട്ടത്തില്‍. സ്ത്രീ യാത്രികര്‍ക്കുള്ള വിശ്രമകേന്ദ്രമാണ് ഷീലോഞ്ച്. ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് യാത്രക്കിടയില്‍ വിശ്രമിക്കുന്നതിനോ, ഒരു രാത്രി താമസിക്കുന്നതിനോ സൗകര്യമൊരുക്കുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ജില്ലയിലെ ആദ്യത്തെ ഷീലോഞ്ചാണ് ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ ഒരുങ്ങുന്നത്.

ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന് വളരെയടുത്തായി ഹൈവേയോട് ചേര്‍ന്നുനില്‍ക്കുന്ന പഞ്ചായത്ത് ബസ് സ്റ്റാന്റില്‍ ഒരുക്കുന്ന ഈ സൗകര്യം സ്ത്രീകള്‍ക്ക് ഏറെ പ്രയോജനപ്പെടും. പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ ചെലവഴിച്ചാണ് ഷീലോഞ്ച് നിര്‍മ്മിക്കുന്നത്. ഈ ഫെബ്രുവരിയില്‍ ആണ് നിര്‍മാണം ആരംഭിച്ചത് . അടുത്തമാസം പണി പൂര്‍ത്തീകരിക്കും.

വിവിധ ആവശ്യങ്ങള്‍ക്കായി ചെറുവത്തൂരില്‍ എത്തുന്ന സ്ത്രീകള്‍ ആവശ്യപ്പെടുന്ന മുറക്ക് ഏതുസമയത്തും ഷീലോഞ്ച് തുറന്ന് കൊടുക്കാനുള്ള സൗകര്യം ഒരുക്കുകയെന്നതാണ് പഞ്ചായത്ത് ഉദ്ദേശിക്കുന്നത്. വിശ്രമമുറി, ശുചിമുറി എന്നിവ ഉള്‍പ്പെടുന്നതാണ് ഷീലോഞ്ച്. പ്രവ്യത്തി പൂര്‍ത്തീകരിക്കുന്ന മുറക്ക് ഫര്‍ണിച്ചര്‍ ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളോടും കൂടി കെട്ടിടം പ്രവര്‍ത്തിപ്പിക്കും. യാത്രാവേളയില്‍ സത്രീകളുടെ സുരക്ഷിതത്വം എന്ന ആശയമാണ്് ഷീലോഞ്ച് നിര്‍മ്മിക്കാന്‍ പ്രചോദനമായതെന്ന് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ പറഞ്ഞു.