ട്രോളിങ്ങ് കാലം സമാധനപരമാക്കാന്‍ മത്സ്യത്തൊഴിലാളികള്‍ സഹകരിക്കണം – സബ് കലക്ടര്‍ എ അലക്സാണ്ടര്‍

ജൂണ്‍ ഒന്‍പത് അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെയുളള ഇക്കൊല്ലത്തെ ട്രോളിങ്ങ് നിരോധനത്തിന്റെ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് പ്രത്യേക യോഗം കലക്ട്രേറ്റില്‍ ചേര്‍ന്നു. സബ് കലക്ടര്‍ എ അലക്സാണ്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ മത്സ്യത്തൊഴിലാളി സംഘടനകളുടെ പ്രതിനിധികളും ബോട്ട് ഉടമകളും വിവിധ വകുപ്പ്തല ഉദ്യോഗസ്ഥരും പങ്കെടുത്തു. ട്രോളിങ് കാലയളവ് ശാന്തവും സമാധാനപരവുമായി പൂര്‍ത്തീകരിക്കാന്‍ അദ്ദേഹം മത്സ്യത്തൊഴിലാളികളോടും വകുപ്പുതല ഉദ്യോഗസ്ഥരോടും അഭ്യര്‍ഥിച്ചു.
ജൂലൈ എട്ട്, ഒന്‍പത് തീയതികളില്‍ രാവിലെ മുതല്‍ മൈക്ക് അനൗണ്‍സ് മെന്റുകള്‍ നടത്തും. ഉച്ചവരെ കടലിലും ഉച്ചയ്ക്ക് ശേഷം കരയിലുമായിട്ടാണ് അനൗണ്‍സ്മെന്റുകള്‍ നടക്കുക. തുടര്‍ന്ന് അര്‍ധരാത്രി 12 മുതല്‍ നീണ്ടകര പാലത്തിന്റെ തൂണുകള്‍ക്ക് കുറുകെ ചങ്ങല ഇട്ട് ബന്ധിക്കും. ബോട്ടുകള്‍ പാലത്തിന് കിഴക്ക് ഭാഗത്തേക്ക് മാറ്റും.
സീ റസ്‌ക്യൂ സ്‌ക്വാഡിന്റെ സേവനം 24 മണിക്കൂറും ലഭ്യമാക്കും. നിരോധനം ബാധകമല്ലാത്ത ഇന്‍ബോര്‍ഡ് വള്ളങ്ങള്‍, മറ്റ് ചെറുവള്ളങ്ങള്‍ തുടങ്ങിയവയ്ക്ക് മത്സ്യബന്ധനത്തിന് പോകുന്നതിന് സൗകര്യം ഏര്‍പ്പെടുത്തും. ഇവയ്ക്ക് ഇന്ധനം നിറയ്ക്കാന്‍ ശക്തികുളങ്ങര പാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന മത്സ്യഫെഡിന്റെ ബങ്ക് തുറന്നു പ്രവര്‍ത്തിപ്പിക്കും. അഞ്ച് സ്വകാര്യ ബങ്കുകളും മൂന്ന് മത്സ്യഫെഡ് ബങ്കുകളുമാണ് നിരോധന കാലത്ത് പ്രവര്‍ത്തിക്കുക. ട്രോളിങ്ങ് നിരോധനം ആരംഭിക്കുന്നത് മുതല്‍ അവസാനിക്കുന്നത് വരെ ജില്ലയിലെ എല്ലാ ഹാര്‍ബറുകളിലും പൊലീസ് പിക്കറ്റിങ് ഏര്‍പ്പെടുത്തും.
അഴീക്കല്‍ ഹാര്‍ബറില്‍ ട്രോളിങ് ബോട്ടുകള്‍ നിയന്ത്രിക്കുന്നതിന് ഫിഷറീസ് വകുപ്പ് മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ സഹായത്തോടെ സംവിധാനം ഒരുക്കും. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന്റെ സഹകരണത്തോടെ ഹാര്‍ബറില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്നും സബ് കലക്ടര്‍ അറിയിച്ചു.
മത്സ്യത്തൊഴിലാളികള്‍ ബയോമെട്രിക് കാര്‍ഡുകള്‍ നിര്‍ബന്ധമായും എടുക്കണമെന്നും ലഭിക്കാത്തവര്‍ ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെട്ട് വാങ്ങണമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഗീതാകുമാരി പറഞ്ഞു. ട്രോളിങ്ങുമായി ബന്ധപ്പെട്ട് ആവശ്യമെങ്കില്‍ കൂടുതല്‍ പൊലീസിനെ നിയോഗിക്കുമെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ഷിഹാബുദ്ദീന്‍ പറഞ്ഞു.
മത്സ്യത്തൊഴിലാളി നേതാക്കളായ  ബേസില്‍ ലാല്‍, ആര്‍ റോബിന്‍, നെയ്ത്തില്‍ വിന്‍സെന്റ്, ജെയിംസ്, സ്റ്റീഫന്‍, ഫ്രാന്‍സിസ് ജെ നെറ്റോ, ഇഗ്‌നേഷ്യസ് റോബര്‍ട്ട്, ഡി ബിജു,  ക്രിസ്റ്റഫര്‍, ഷാജി പയസ്, ബോട്ട് ഓണര്‍മാരെ പ്രതിനിധീകരിച്ച് പീറ്റര്‍ മത്യാസ്, പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ ജിംസണ്‍ ജേക്കബ്, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ എച്ച് സലീം, അഡീഷണല്‍ ഡയറക്ടര്‍ രമേശ്, മത്സ്യഫെഡ് ജില്ലാ മാനേജര്‍ ജോണ്‍സണ്‍ ഐസക് തുടങ്ങിയവര്‍ പങ്കെടുത്തു.