പാമ്പാക്കുട: പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നതും വിദ്യാഭ്യാസം പൂർത്തീകരിച്ചതുമായ
വിദ്യാർത്ഥികളെ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പ്രസിഡൻറ് സുമിത് സുരേന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പോലീസ് പരാതിപരിഹാര അതോറിറ്റി ചെയർമാൻ റിട്ട. ജസ്റ്റിസ് വി. കെ. മോഹനൻ ജേതാക്കൾക്ക് സമ്മാനദാനം നിർവ്വഹിച്ചു.

പാമ്പാക്കുട  ഗവൺമെന്റ് ഹയർ സെക്കന്ററി വിദ്യാലയത്തിൽ പഠിച്ച് പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും കരസ്ഥമാക്കിയ ആദർശ് നാരായണൻ ആദ്യ ഉപഹാരം ഏറ്റുവാങ്ങി. വിദ്യാഭ്യാസം കേവലം പാഠപുസ്തകങ്ങളിൽ മാത്രം ഒതുങ്ങുന്നതാവരുതെന്ന് ജസ്റ്റിസ് വി. കെ. മോഹനൻ പറഞ്ഞു. കൈവരിക്കുന്ന വിദ്യ പ്രായോഗികമാക്കാൻ സാധിക്കുമ്പോഴാണ് ജീവിത വിജയം സാധ്യമാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മാർക്ക് കുറഞ്ഞ വിദ്യാർത്ഥികൾ, പരീക്ഷ ജീവിതത്തിലെ നിരവധി ചുവടുകളിൽ ഒന്നുമാത്രമാണെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

ചടങ്ങിൽ ഉന്നത വിജയം കരസ്ഥമാക്കിയ പത്താം ക്ലാസിലെ 123 കുട്ടികളെയും, പന്ത്രണ്ടാം ക്ലാസിലെ 33 കുട്ടികളെയും അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജെസ്സി ജോണി, പാമ്പാക്കുട പഞ്ചായത്ത് പ്രസിഡണ്ട് സുഷമ മാധവൻ, രാമമംഗലം പഞ്ചായത്ത് പ്രസിഡണ്ട് മിനി കുമാരി, ഇലഞ്ഞി പഞ്ചായത്ത് പ്രസിഡണ്ട് ജോയിസ് മാമ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയ ബിജുമോൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ശ്യാമള ഗോപാലൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. സി കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഒ.കെ കുട്ടപ്പൻ, കെ.എൻ രമ, ഉഷ ശ്രീകുമാർ, ബിന്ദു സിബി, കെ. ജി. ഷിബു, സന്തോഷ് കോരപ്പിള്ള, ലില്ലി ജോയി, അഡ്വ.ജിൻസൺ വി. പോൾ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബൈജു ടി. പോൾ എന്നിവർ പങ്കെടുത്തു.

ക്യാപ്ഷൻ

എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ കുട്ടികൾക്കായി പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച അനുമോദന യോഗം.