അടൂര്‍ ആങ്ങമൂഴി ബസ് ചെയിന്‍ സര്‍വീസ് അടൂര്‍, പത്തനംതിട്ട ഡിപ്പോകളില്‍ നിന്നും ആരംഭിച്ചു. ഒരോ അരമണിക്കൂര്‍ വീതം അടൂരില്‍ നിന്ന് പത്തനംതിട്ട വഴി ആങ്ങമൂഴിക്കും തിരിച്ചും 11 ബസുകളാണ് സര്‍വീസ് നടത്തുന്നത്. പത്തനംതിട്ടയില്‍ നിന്നും അഞ്ചും, അടൂരില്‍ നിന്ന് ആറ് ബസുകളുമാണ് ഇന്നലെ സര്‍വീസ് ആരംഭിച്ചത്.
അടൂര്‍ ഡിപ്പോയില്‍ നിന്ന് ആരംഭിച്ച ബസ് സര്‍വീസ് അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറും, പത്തനംതിട്ടയില്‍ നിന്നും ആരംഭിച്ച ബസ് സര്‍വീസ് ആറന്മുള എംഎല്‍എ വീണാ ജോര്‍ജും ഫ്‌ളാഗ് ഓഫ് ചെയ്തു. അടൂരില്‍ നിന്നും ആരംഭിക്കുന്ന സര്‍വീസ്  പറക്കോട്, ഏഴംകുളം, കൊടുമണ്‍, ചന്ദനപ്പള്ളി , കൈപ്പട്ടൂര്‍ , ഓമല്ലൂര്‍, പത്തനംതിട്ട, വടശേരിക്കര, മണിയാര്‍/പെരുനാട്, ചിറ്റാര്‍,സീതത്തോട് വഴി ആങ്ങമൂഴിയില്‍ എത്തിച്ചേരും. രാവിലെ 05.50 ന് ആരംഭിക്കുന്ന സര്‍വീസ് ഓരോ അരമണിക്കൂറും ഇടവിട്ട് വൈകിട്ട് 04:10ന് അവസാനിക്കും. പത്തനംതിട്ടയില്‍ നിന്നും രാവിലെ 5:30 ആരംഭിക്കുന്ന സര്‍വീസ് വൈകിട്ട് അഞ്ചിന് അവസാനിക്കും.
ആങ്ങമൂഴിയില്‍ നിന്നും അടൂരിലേക്ക് ആദ്യ സര്‍വീസ് രാവിലെ 7:40 ആരംഭിച്ച് വൈകിട്ട് 6.40ന് അവസാനിക്കും. ദീര്‍ഘനാളായി ഈ റൂട്ടിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ഇല്ലാതിരുന്നത് ജനങ്ങള്‍ക്ക് ഒട്ടേറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ബൈറൂട്ട് ആയതിനാല്‍ ജനങ്ങള്‍ക്ക് ഒട്ടേറെ യാത്രാക്ലേശങ്ങള്‍ നേരിടേണ്ടി വന്നതിന് പരിഹാരമായിട്ടാണ് കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് ആരംഭിച്ചത്. കൂടുതല്‍ ബസുകള്‍ അടൂര്‍, പത്തനംതിട്ട ഡിപ്പോകളില്‍നിന്നും ആരംഭിക്കുമെന്ന് എംഎല്‍എമാര്‍ പറഞ്ഞു. പത്തനംതിട്ടയ്ക്ക് മൂന്നാര്‍, കായംകുളം, കുളത്തൂപ്പുഴ, നെയ്യാറ്റിന്‍കര, കാട്ടാക്കട, എന്നീ ഡിപ്പോകളില്‍ നിന്നാണ് ബസുകള്‍ എത്തിയത്. അടൂര്‍ ഡിപ്പോയ്ക്ക് ചെങ്ങന്നൂര്‍, കൊല്ലം, എന്നിവടങ്ങളില്‍ നിന്ന് ഓരോ ബസ്് വീതവും ലഭിച്ചു. കൊട്ടാരക്കര ഡിപ്പോയില്‍ നിന്ന് അടൂരിലേക്കും വെളളനാട് ഡിപ്പോയില്‍ നിന്ന് പത്തനംതിട്ടയിലേക്കും 10 കണ്ടക്ടര്‍മാരെ വീതം നിയമിച്ചിട്ടുണ്ട്്. അടൂരില്‍ നടന്ന ഫ്ളാഗ്ഓഫില്‍ അടൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ഷൈനി ബോബി, വിവിധ രാഷ്ട്ടീയ കക്ഷി നേതാക്കളായ ഡി സജി, റ്റി ഡി ബൈജു, അഡ്വ.എസ് മനോജ്, കെ ജി വാസുദേവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പത്തനംതിട്ടയില്‍ നടന്ന ഫ്ളാഗ്ഓഫില്‍ ഡിടിഒ റോയി ജേക്കബ്, അടൂര്‍ എടിഒ അജീഷ് കുമാര്‍, ജി.ഗിരീഷ് കുമാര്‍, ജില്ലാ സെക്രട്ടറി എം.കെ.വിജയന്‍, എന്‍സി പി സംസ്ഥാന സെക്രട്ടറി മാത്യൂസ് ജോര്‍ജ്, അമൃതം ഗോകുലന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടികെജി നായര്‍, അഡ്വ.ടി.സക്കീര്‍ ഹുസൈന്‍, പി.കെ.അനീഷ്, ഷാഹുല്‍ ഹമീദ് തുടങ്ങിയവര്‍ പങ്കെടുത്തു.