ലോക പുകയില വിരുദ്ധ ദിനാചരണത്തിന്‍റെ ഭാഗമായി ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍  വിവിധ കേന്ദ്രങ്ങളില്‍ ബോധവത്കരണ പരിപാടികള്‍ നടത്തി. കോട്ടയം മെഡിക്കല്‍ കോളേജ്, നാഗമ്പടം ബസ് സ്റ്റാന്‍ഡ്, കെ.എസ്.ആര്‍.ടി.സി  ബസ് സ്റ്റാന്‍റ്, തിരുനക്കര എന്നിവിടങ്ങളില്‍ മഹാത്മഗാന്ധി സര്‍വ്വകലാശാലയുടെ പാലായിലെ സ്കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷനിലെ വിദ്യാര്‍ഥിനികള്‍ ഫ്ളാഷ് മോബ് അവതരിപ്പിച്ചു.  

ആരോഗ്യ കേരളത്തിന്‍റെയും ജില്ലാ ടി.ബി സെന്‍ററിന്‍റെയും സഹകരണത്തോടെ നടത്തിയ ദിനാചരണത്തിന്‍റെ ഭാഗമായുള്ള പൊതുസമ്മേളനം ജില്ലാ ആശുപത്രിയിലെ എന്‍.എച്ച്.എം. ഹാളില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ സാബു പുളിമൂട്ടില്‍ ഉദ്ഘാടനം ചെയ്തു. 

ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ടി.എന്‍. വിദ്യാധരന്‍, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ജില്ലാ ടി.ബി ഓഫീസര്‍ ഡോ. ട്വിങ്കിള്‍ പ്രഭാകരന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍ മൊറെയ്സ് എന്നിവര്‍ സംസാരിച്ചു. പുകയില ഉപയോഗത്തിന്‍റെ ദൂഷ്യവശങ്ങള്‍ വിശദമാക്കുന്ന ഹ്രസ്വ ചിത്രങ്ങളും ഇതോടനുബന്ധിച്ച് പ്രദര്‍ശിപ്പിച്ചു.