ചക്കപ്പായസത്തിന്റെ മാധുര്യം പകര്‍ന്ന് ഭക്ഷ്യ സുരക്ഷാ വാരാചരണത്തിന് കട്ടപ്പനയില്‍ ഗംഭീര തുടക്കം. ഭക്ഷ്യ സുരക്ഷയെ കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുയെന്ന ലക്ഷ്യത്തോടെ ജൂണ്‍ ഒന്നു മുതല്‍ ഏഴുവരെ   സംഘടിപ്പിക്കുന്ന ഭക്ഷ്യ സുരക്ഷാ വാരാചരണത്തിന് ആരംഭം കുറിച്ചുകൊണ്ടുള്ള ഭക്ഷ്യമേള – രുചിമഹോത്സവം 2019 (ഈറ്റ് റൈറ്റ് മേള ) ലാണ് ചക്ക വിഭവങ്ങളും നാടന്‍ ഭക്ഷ്യോത്പന്നങ്ങളും രുചിയുടെ വൈവിധ്യമൊരുക്കിയത്. രണ്ട് ദിവസങ്ങളിലായി കട്ടപ്പന മിനി സ്റ്റേഡിയത്തില്‍ നടക്കുന്ന ഭക്ഷ്യമേള കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.

സംസ്ഥാന ഫലമായ ചക്കയുടെ മൂല്യവര്‍ദ്ധിത ഉല്പ്പന്നങ്ങള്‍ പരിചയപ്പെടുത്തുവാന്‍ വിവിധ കുടുംബശ്രീ യൂണിറ്റുകള്‍ തയ്യാറാക്കിയ ചക്ക ചിപ്‌സ്, ചക്കക്കുരു അവലോസുണ്ട, ഉണക്കച്ചക്ക, ചക്കപ്പഴം ഉണങ്ങിയത്, ചക്കപ്പഴം കൊണ്ടുള്ള കുമ്പിളപ്പം, അലുവ, ഉണ്ണിയപ്പം , ചക്കക്കുരു അച്ചാര്‍, ചക്കപ്പഴം പാനി തുടങ്ങിയവയും വറുത്ത കോവയ്ക്ക, നാടന്‍ പലഹാരങ്ങള്‍ എന്നിവയെല്ലാം ലഭ്യമാണ്. പഴമക്കാര്‍ ചക്കയില്ലാത്തപ്പോള്‍ ഉപയോഗിക്കുന്നതിനായി ചക്ക സീസണില്‍ ചക്കപ്പഴം ഉപയോഗിച്ച് നിര്‍മ്മിച്ച് കേടുകൂടാതെ സൂക്ഷിച്ചിരുന്നതും പുതുതലമുറയ്ക്ക് അത്ര പരിചിതമല്ലാത്തതുമായ ചക്ക തെരയുടെ രുചിയും മേളയില്‍ പരിചയപ്പെടാം. മിതമായ വിലയില്‍ ചക്ക പായസത്തിന്റെ മാധുര്യവും ഇവിടെ നിന്നും രുചിച്ചറിയാം.  ഇതിനു പുറമെ കുടുംബശ്രീ അംഗങ്ങളുടെ ജൈവപച്ചക്കറി വിപണനവും  മേളയോടനുബന്ധിച്ച് ആരംഭിച്ചു.

ഭക്ഷ്യമേളയുടെ ഉദ്ഘാടനം കട്ടപ്പന നഗരസഭാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി നിര്‍വ്വഹിച്ചു. ഭക്ഷ്യ സുരക്ഷ, ശുചിയായ പാചകം, ആരോഗ്യ പ്രദമായ ഭക്ഷ്യോത്പ്പന്നവും ആഹാരക്രമവും തുടങ്ങിയവ സംബന്ധിച്ച കൃത്യമായ അവബോധം ജനങ്ങളിലെത്തിക്കാന്‍ ഭക്ഷ്യ സുരക്ഷാ വാരാചരണ പരിപാടികളിലൂടെ സാധിക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ഗ്രേസ്‌മേരി ടോമിച്ചന്‍ അധ്യക്ഷത വഹിച്ചു. സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ ഷൈനി ജിജിക്ക് ഭക്ഷ്യ ഉല്പ്പന്നങ്ങള്‍ നല്കി കൊണ്ട് നഗരസഭാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി  ആദ്യ വില്പന നിര്‍വ്വഹിച്ചു. നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ബെന്നി കല്ലൂപുരയിടം,  ലീലാമ്മ ഗോപിനാഥ്, ഭക്ഷ്യസുരക്ഷാ ഇടുക്കി സര്‍ക്കിള്‍ ഓഫീസര്‍ എസ്.അനഘ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ശ്രീപ്രഭ മുകേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഭക്ഷ്യസുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിലായി വ്യത്യസ്ത തരം പരിപാടികളാണ് ആരോഗ്യ കേരളവും നാഷണല്‍ ഹെല്‍ത്ത് മിഷനും പബ്ലിക് റിലേഷന്‍സ് വകുപ്പും ചേര്‍ന്ന് സംഘടിപ്പിച്ചിരിക്കുന്നത്.