നടപടിക്രമങ്ങള്‍ പാലിക്കാതെ കരുനാഗപ്പള്ളിയിലെ സ്വകാര്യ സ്‌കൂളില്‍ നിന്ന് പിരിച്ചുവിട്ട അധ്യാപികയ്ക്ക് സംരക്ഷണവുമായി  സംസ്ഥാന വനിതാ കമ്മീഷന്‍. ആശ്രാമം ഗവണ്‍മെന്റ് അതിഥി മന്ദിരത്തില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തിലായിരുന്നു നടപടി.
പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ യാതൊരു  മുന്നറിയിപ്പും കൂടാതെ അധ്യാപികയെ പിരിച്ചുവിടുകയായിരുന്നു.  സ്വകാര്യ സ്‌കൂളുകളിലെ  അധ്യാപകര്‍ക്ക് സ്‌കൂള്‍ അവധി കാലയളവില്‍ പകുതി ശമ്പളത്തിന് അര്‍ഹത ഉണ്ടെന്നിരിക്കെയാണ്  ശമ്പളം പോലും നല്‍കാതെ ഇവരെ പിരിച്ചുവിട്ടത്. വിഷയത്തില്‍ ഉടന്‍തന്നെ സ്‌കൂളിലെ ആഭ്യന്തര പരാതി പരിഹാര സമിതി പരിഹാരം കണ്ട് ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. ജൂണ്‍ 10 നകം അധ്യാപികയ്ക്ക് നല്‍കാനുള്ള മുഴുവന്‍ ശമ്പളവും നല്‍കി ജോലിയില്‍ തിരികെയെടുക്കാനും കമ്മീഷന്‍ ഉത്തരവായി.
വനിതാ കമ്മീഷന്‍ പരിഗണിച്ച 95 പരാതികളില്‍ 17 എണ്ണം തീര്‍പ്പാക്കി. നാലു പരാതികളില്‍ വിവിധ വകുപ്പുകളില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. 73 പരാതികള്‍ അടുത്ത അദാലത്തിലേക്ക്  മാറ്റി. നേരിട്ടുള്ള സന്ദര്‍ശനത്തിനായും ഒരു പരാതി മാറ്റി.
വനിതാ കമ്മീഷന്‍ അംഗങ്ങളായ അഡ്വ. എം എസ് താര, ഷാഹിദ കമാല്‍, ഇ എം രാധ, അഡ്വ ഷിജി ശിവജി,  കമ്മീഷന്‍ സി ഐ  എം സുരേഷ്‌കുമാര്‍, അഡ്വ ആര്‍ സരിത, അഡ്വ ജയ കമലാസനന്‍, അഡ്വ ഹേമ ശങ്കര്‍ തുടങ്ങിയവര്‍  അദാലത്തില്‍  പങ്കെടുത്തു.