സഹായ ഉപകരണം വിതരണം ചെയ്തു

സമൂഹത്തില്‍ ഒറ്റപ്പെടേണ്ടവരല്ല ഭിന്നശേഷിക്കാരെന്നും സമൂഹം അവരുടെ കൂടെയുണ്ടെന്നും തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സാമൂഹ്യ നീതി ബോധം കാക്കാന്‍ സംസ്ഥാനത്തുടനീളം നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും സഹകരണത്തോടെ ആര്‍ഇസി ട്രാന്‍സ്മിഷന്‍ പ്രൊജക്ട്‌സ് കമ്പനിയും ആര്‍ട്ടിഫിഷ്യല്‍ ലിമ്പ്‌സ് മാനുഫാക്ചറിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും (അലിംകോ) ചേര്‍ന്നാണ് മുന്‍ഗണന വിഭാഗത്തില്‍പ്പെടുന്ന കുടുംബങ്ങളിലെ ഭിന്നശേഷിക്കാര്‍ക്ക് സൗജന്യമായി സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തത്്.
ആറ് ജോയ്സ്റ്റിക് ഓപറേറ്റഡ് വീല്‍ ചെയറുകള്‍, 17 സാധാരണ വീല്‍ ചെയറുകള്‍, 12 സ്മാര്‍ട്ട് കോം, 10 സ്മാര്‍ട്ട് ഫോണുകള്‍, 19 കേള്‍വി സഹായി, അഞ്ച് ബ്രെയിലി കെയിന്‍, വാക്കിംഗ് സ്റ്റിക്ക്, ടാബ്ലെറ്റ് എന്നീ ഉപകരണങ്ങളാണ് ഭിന്നശേഷിക്കാര്‍ക്കായി നല്‍കിയത്.  ഉപകരണം വിതരണം ചെയ്യുന്നതിനായി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് നേരത്തെ അസസ്മെന്റ് ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. വിദഗ്ധരായ ഡോക്ടര്‍മാരുടെ സംഘം നടത്തിയ പരിശോധനയ്ക്ക് ശേഷം തെരഞ്ഞെടുത്ത 70 പേര്‍ക്കാണ് ഉപകരണങ്ങള്‍ സൗജന്യമായി ഉപകരങ്ങള്‍ നല്‍കിയത്.
കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി അധ്യക്ഷനായി. മേയര്‍ ഇ പി ലത, ആര്‍ഇസി ട്രാന്‍സ്മിഷന്‍ പ്രൊജക്ട്‌സ് കമ്പനി സിഇഒ ഡോ. ഷക്കീല്‍ അഹമ്മദ്, കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ വെള്ളോറ രാജന്‍, കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക്, എ ഡി എം ഇ മുഹമ്മദ് യൂസഫ്, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ പി പി നാരായണന്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.