ആരോഗ്യ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്ന പങ്ക് സ്തുത്യര്‍ഹമാണെന്ന് വീണാ ജോര്‍ജ്് എംഎല്‍എ പറഞ്ഞു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നവീകരിച്ച ഒപി വിഭാഗത്തിന്റെയും,  മൂന്നാം ഷിഫ്റ്റ് ഡയാലിസിസ് യൂണിറ്റിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ.
ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 87 ലക്ഷം രൂപ മുതല്‍മുടക്കിയാണ് ജനറല്‍ ആശുപത്രിയിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സര്‍ക്കാര്‍ ആശുപത്രികളിലെ ചികത്സയുടെ ഗുണനിലവാരം വര്‍ധിപ്പിക്കുക, രോഗീസൗഹൃദ അന്തരീക്ഷം പ്രദാനം ചെയ്യുക എന്നിവയാണ് ആര്‍ദ്രം പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആരോഗ്യരംഗത്ത് നിലവിലുളള കാഴ്ചപ്പാടുകള്‍ മാറ്റിമറിക്കുകയും, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനോടൊപ്പം പുതിയ ചില ആശയങ്ങളും ആര്‍ദ്രം മിഷനിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെന്നും എംഎല്‍എ പറഞ്ഞു.
ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്സ്ണ്‍ അഡ്വ.ഗീതാ സുരേഷ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സിന്ധു അനില്‍, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എബി സുഷന്‍, ആശുപത്രി വികസനസമിതി അംഗങ്ങളായ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ. റ്റി  കെ ജി നായര്‍, അബ്ദുല്‍ കലാം ആസാദ്, അബ്ദുല്‍ ഷുക്കൂര്‍, ഷാഹുല്‍ ഹമീദ്, എംഎന്‍ ഷാജഹാന്‍, നൗഷാദ് കണ്ണങ്കര, സത്യന്‍ കണ്ണങ്കര, രവി, റെനീസ് മുഹമ്മദ്, വിഎസ് അനില്‍ കുമാര്‍, വാര്‍ഡ് കൗണ്‍സില്‍ പി.കെ ജേക്കബ്, ആശുപത്രി സൂപ്രണ്ട് എം സാജന്‍ മാത്യു, ആര്‍എംഒ ഡോ.ആശിഷ് മോഹന്‍കുമാര്‍, ആശുപത്രി അധികൃതര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.