തോട്ടണ്ടി വാങ്ങുമ്പോള്‍ ഇടനിലക്കാരെ ഒഴിവാക്കി കശുവണ്ടി മേഖലയിലെ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ഫിഷറീസ്, പരമ്പരാഗത വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കാപക്‌സിന്റെ പെരുമ്പുഴ ഫാക്ടറിയില്‍ പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന് ശിലയിടുകയാരുന്നു മന്ത്രി.
വര്‍ഷം കുറഞ്ഞത് 200 തൊഴില്‍ ദിനങ്ങളെങ്കിലും ഉറപ്പാക്കി ലാഭത്തിലേക്ക് എത്താമെന്നാണ് കണക്കുകൂട്ടല്‍. ഐവറികോസ്റ്റ്, മൊസാംബിക് എന്നീ രാജ്യങ്ങളില്‍ നിന്ന് തോട്ടണ്ടി വാങ്ങി വില നിയന്ത്രിക്കാനും നടപടിയെടുക്കും. തോട്ടണ്ടിയുടെ വിലക്കയറ്റം മേഖലയെ പ്രതിസന്ധിയിലാക്കുന്ന പശ്ചാത്തലത്തിലാണ് ഇറക്കുമതിക്കുള്ള തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. പെരുമ്പുഴയില്‍ ഒരു കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടം വിഷുവിന് തുറക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് കാപക്‌സിലെ തൊഴിലാളികളും ജീവനക്കാരും ചേര്‍ന്ന് സംഭാവന ചെയ്ത 1,40,000 രൂപയുടെ ചെക്ക് മന്ത്രിക്ക് കൈമാറി.
ഓരോ വര്‍ഷവും പുതുതായി ആയിരം പേര്‍ക്ക് വീതം ജോലി നല്‍കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായ കാപക്‌സ് ചെയര്‍മാന്‍ കൊല്ലായില്‍ എസ്. സുദേവന്‍ അറിയിച്ചു. കാപക്‌സ് ബോര്‍ഡംഗങ്ങളായ സുഭഗന്‍, ടി. സി. വിജയന്‍, കോതേത്ത് ഭാസ്‌കരന്‍, ഒ. മത്തായി, സി. ജി. ഗോപുകൃഷ്ണന്‍, മാനേജിംഗ് ഡയറക്ടര്‍ രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.