പരിസ്ഥിതി ദിനത്തില്‍ നാടിന് തണലേകാനും നട്ടുപരിപാലിക്കാനുമായി തൊഴിലുറപ്പ് പദ്ധതിയിലൂടെ ജില്ലയില്‍ തയ്യാറാവുന്നത് 200114 തൈകള്‍. ജില്ലയിലെ 13 ബ്ലോക്കുകളിലെ 61 നഴ്സറികളിലായാണ് തൈകള്‍ തയ്യാറാവുന്നത്. ഇത്തവണ ഫലവൃക്ഷങ്ങള്‍ക്കാണ് മുന്‍ഗണന. കശുമാവ്, മാവ്, പ്ലാവ്, പുളി, പേര, സപ്പോട്ട, കുടംപുളി, ആര്യവേപ്പ്, നെല്ലി, കറിവേപ്പ്, മാതളം, ഞാവല്‍ തുടങ്ങിയ വൃക്ഷതൈകളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ച് മുതല്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍, തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവ വഴി തൈകള്‍ വിതരണം ചെയ്യും. കൂടാതെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതുസ്ഥലങ്ങള്‍, റോഡിന്റെ വശങ്ങള്‍, പൊതുകുളങ്ങളുടെ വശങ്ങള്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ തൈകള്‍ നട്ടുപിടിപ്പിച്ച് പരിപാലിക്കും. 400 തൈകള്‍ സംരക്ഷിക്കാന്‍ ഒരു തൊഴിലാളിയെന്ന ക്രമത്തില്‍ ഇതിലൂടെ തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. തൈ പരിപാലത്തിന് ചുമതലപ്പെടുത്തുന്ന തൊഴിലാളികള്‍ മൂന്നുവര്‍ഷത്തേക്ക് തൈകളുടെ സംരക്ഷണം ഏറ്റെടുത്ത് നടപ്പിലാക്കും. ഇതിലൂടെ പരിസ്ഥിതി സംരക്ഷണം സാധ്യമാക്കുകയും തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുകയാണ് ഉദ്ദേശ്യം. ജില്ലയില്‍ പരിസ്ഥിതി ദിനത്തില്‍ നടുന്നതിനായി സാമൂഹ്യവനവത്ക്കരണവിഭാഗം 502250 തൈകള്‍ തയ്യാറാക്കിയിട്ടുണ്ട്. ജില്ലയിലെ വിവിധ നഴ്സറികളിലായി തയ്യാറാക്കിയ തൈകള്‍ ജൂണ്‍ നാലിന് മുമ്പ് തന്നെ വിതരണം ചെയ്യുന്നതാണ്.